തിരുവനന്തപുരം: ആൻഡമാൻ സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി ശ്യാമൾ മണ്ഡലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദലി കുറ്റക്കാരനെന്ന് തിരുവനന്തപുരം സിബിഐ കോടതി. ശിക്ഷ നാളെ വിധിക്കും. 2005ലാണ് കേസിനാസ്പദമായ സംഭവം. 2008ൽ സിബിഐ ഏറ്റെടുത്ത കേസിൽ 2010 ലാണ് കുറ്റപത്രം സമർപ്പിച്ചത്.
തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയായിരുന്ന ആൻഡമാൻ സ്വദേശി ശ്യാമൾ മണ്ഡലിനെ പണത്തിനു വേണ്ടി കുടുംബ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഒക്ടോബർ 17ന് കോവളം ബൈപ്പാസിന് സമീപം തലയറുത്ത് ചാക്കിൽ കെട്ടിയ നിലയിലാണ് ശ്യാമളിന്റെ മൃതദേഹം കണ്ടെത്തിയത്.
കുടുംബ സുഹൃത്ത് മുഹമ്മദ് അലി സുഹൃത്തുക്കളായാ നേപ്പോൾ സ്വദേശി ദുർഗ്ഗ ബഹദുർ ഭട്ട് ചേത്രി എന്ന ഭീപക് എന്നിവർ ചേർന്ന് ശ്യാമളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ആദ്യം കേസ് അന്വേഷിച്ച ഫോർട്ട് പൊലീസ് കണ്ടെത്തിയത്. സിബിഐയുടെ കണ്ടെത്തലും ഇത് തന്നെയായിരുന്നു.
കേസിൽ രണ്ടാം പ്രതിയാണ് മുഹമ്മദ് അലി. ഒന്നാപ്രതി ദുർഗ്ഗ ബഹദുർ ഭട്ട് ചേത്രി ഒളിവിലാണ്. ശ്യാമളിനെ ഹോസ്റ്റലിൽ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം ഇവർ അച്ഛൻ ബസുദേവ് മണ്ഡലിനെ വിളിച്ച് 20 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹം പണം കൈമാറുന്നതിനായി ചെന്നൈയിൽ ഇവരെ അന്വേഷിച്ചു നടക്കുന്നതിനിടെയാണ് ശ്യാമളിന്റെ മൃതദേഹം കോവളത്ത് കണ്ടെത്തിയത്.
2020 ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണ കോവിഡ് മൂലം മുടങ്ങിയിരുന്നു. കേസിൽ ആകെ 56 സാക്ഷികളെയാണ് വിസ്തരിച്ചത്. ചെന്നൈയിലെ കടയിൽ വിറ്റ ശ്യാമളിന്റെ മൊബൈൽ ഫോണാണ് കേസിൽ നിർണായക തെളിവായത്.