തൊടുപുഴ: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു. രണ്ട് ദിവസത്തെ ശമനത്തിന് ശേഷം ഇന്ന് മഴ വീണ്ടും കനക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ ഒന്നും അഞ്ചും ഷട്ടറുകള്‍ അടച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും തുറന്നത്. പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവ് സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലിറ്ററില്‍നിന്ന് ആറ് ലക്ഷം ലിറ്ററാക്കിയും ഉയര്‍ത്തി.

2397.16 അടിയാണ് ചെറുതോണി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി സംഭരണശേഷി. വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതിനൊപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വര്‍ദ്ധിച്ചതും ഷട്ടര്‍ തുറക്കാന്‍ കാരണമായി. ചെറുതോണി പാലത്തില്‍ വീണ്ടും വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും പെരിയാര്‍ നദി തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, കേരളത്തില്‍ ശനിയാഴ്ച വരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഞ്ചുദിവസത്തോളം ഇടിമിന്നലോടുകൂടിയ മഴയുമുണ്ടാകാം. മണിക്കൂറില്‍ 45 കിലോ മീറ്റര്‍ മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ പടിഞ്ഞാറന്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

തീവ്രമായ മഴയുടെ സാഹചര്യത്തില്‍ വയനാട്, ഇടുക്കി ജില്ലകളില്‍ ഓഗസ്റ്റ് 15 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 17 ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രമായ മഴയുടെ സാഹചര്യത്തില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട് കണ്ണൂര്‍ കാസർകോട് എന്നീ ജില്ലകളില്‍ ഓഗസ്റ്റ് 15 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രമായ മഴയുടെ സാഹചര്യത്തില്‍ ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ ഓഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ വയനാട് ബാണാസുര സാഗർ ഡാമിന്‍റെ ഷട്ടർ മൂന്ന് മീറ്റർ വരെ ഉയർത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ