തൃശൂര്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പറമ്പിക്കുളം ഡാമിലെ ഷട്ടര്‍ താനെ ഉയര്‍ന്നു. മൂന്ന് ഷട്ടറുകളില്‍ മധ്യഭാഗത്തുള്ള ഷട്ടറിനാണ് തകരാറ് സംഭവിച്ചത്. ഡാമിലെ മൂന്ന് ഷട്ടറുകളും 10 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി വച്ചിരിക്കുന്നതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ഇതോടെ ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന ജലത്തിന്റെ അളവ് വര്‍ധിച്ചു. പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് 20,000 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. പുലര്‍ച്ചെ രണ്ട് മണി മുതല്‍ ഇത്രയും വെള്ളം ഡാമിലേക്ക് എത്തുന്നുണ്ട്.
പുലര്‍ച്ചെ മൂന്ന് മണി മുതല്‍ പെരിങ്ങല്‍കുത്തിലെ നാല് ഷട്ടറുകളും ഘട്ടം ഘട്ടമായി തുറന്നിട്ടുണ്ട്. ചാലക്കുടി പുഴയിലേക്ക് 600 ഘനയടി വെള്ളമാണ് തുറന്ന് വിടുന്നത്. ഇതോടെ ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയരും. പുഴയുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
ജലനിരപ്പ് ഉയരുന്നത് പുഴയുടെ തീരത്ത് താമസിക്കുന്നവരെ ബാധിക്കില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം. മഴയില്ലാത്തതും ആശ്വാസമാണ്. എന്നാല്‍ പുഴയില്‍ മത്സ്യബന്ധനത്തിനായോ കുളിക്കാനോ ഇറങ്ങരുത്.
നിലവില്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഒന്നര മീറ്ററാണ്. കൂടുതല്‍ ജലം ഒഴുകിയെത്തുന്നതോടെ ഇത് നാലര മീറ്ററായി ഉയര്‍ന്നേക്കും. പുഴയുടെ തീരത്തുള്ള കടവുകള്‍ എല്ലാം അടിയന്തര സാഹചര്യത്തില്‍ പൊലീസ് അടച്ചിട്ടുണ്ട്.