കണ്ണൂർ: എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേർ കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കുളളവർ അല്ല കസ്റ്റഡിയിൽ ഉളളത്. ഷുഹൈബിനെ വധിച്ച 4 പ്രതികളെപ്പറ്റി കൃത്യമായ വിവരം ഇവരിൽ നിന്ന് ലഭിച്ചെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഈ ആറ് പേരെയും കണ്ണൂർ എസ്.പി ശിവവിക്രമിന്റെ നേത്രത്വത്തിൽ ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം പ്രതികൾക്കായി സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തി. ജില്ലാ പൊലീസ് മേധാവി ശിവ വിക്രമിന്റെ നേത്രത്വത്തിലാണ് മുഴക്കുന്ന്,മാലൂർ മേഖലകളിൽ തിരച്ചിൽ നടത്തിയത്. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ, പേരാവൂർ സിഐ എ. കുട്ടികൃഷ്ണൻ എന്നിവരുടെ നേത്രത്വത്തിലുളള വൻ പൊലീസ് സംഘവും തിരച്ചിലിൽ പങ്കെടുത്തു. കണ്ണൂർ പൊലീസ് ക്യമ്പിൽ നിന്നുളള പ്രത്യേക സായുധസേനയും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

എടയന്നൂര്‍ തെരൂരില്‍ വെച്ച് ബോംബെറിഞ്ഞ ശേഷം അക്രമികള്‍ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, കൊലപാതകം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ