തിരുവനന്തപുരം: ഷുഹൈബ് വധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാൻ വൈകിയതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പ്രതികരിക്കാന്‍ ആറുദിവസമെടുത്തെങ്കില്‍ കേസന്വേഷണം എന്താകുമെന്ന് ചെന്നിത്തല ചോദിച്ചു. പ്രതികള്‍ കീഴടങ്ങിയത് പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ്. ഡമ്മി പ്രതികളാണ് അറസ്റ്റിലായതെന്നും ചെന്നിത്തല പറഞ്ഞു.

കണ്ണൂരിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സമാധാനയോഗത്തിൽ പങ്കെടുക്കും. കണ്ണൂർ ഡിസിസി പ്രസിഡന്റായിരിക്കും പങ്കെടുക്കുക. സമാധാന യോഗത്തിൽ എ.കെ.ബാലനുപകരം മുഖ്യമന്ത്രി ആയിരുന്നു പങ്കെടുക്കേണ്ടിയിരുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

കണ്ണൂരിൽ മറ്റന്നാൾ (ഫെബ്രുവരി 21) സമാധാന യോഗം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മന്ത്രി എ.കെ.ബാലന്റെ അധ്യക്ഷതയിലാണ് യോഗം.

അതേസമയം, ഷുഹൈബ് വധക്കേസ് മുന്‍നിര്‍ത്തി സിപിഎമ്മിനെതിരെ മാധ്യമങ്ങള്‍ സംഘടിത ആക്രമണം നടത്തുന്നെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആരോപിച്ചു. കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നു. പാ‍ര്‍ട്ടി സംയമനം പാലിച്ചത് കൊണ്ട് മാത്രമാണ് ജില്ലയില്‍ തുടര്‍സംഘര്‍ഷങ്ങള്‍ ഉണ്ടാവാതിരുന്നതെന്നും ജയരാജൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ