തിരുവനന്തപുരം: ഷുഹൈബ് വധക്കേസിൽ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷുഹൈബ് കൊല്ലപ്പെടുന്നതിനു മുൻപ് ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കം 19 തടവുകാർക്ക് പരോൾ നൽകിയെന്ന് ചെന്നിത്തല പറഞ്ഞു. പരോൾ നൽകിയതിന്റെ രേഖകൾ ചെന്നിത്തല പുറത്തുവിട്ടു.

ഷുഹൈബിന്റെ കൊലപാതകം ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ അതേ രീതിയിലാണ്. കൊലയാളികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിക്ക് താൽപര്യം. മുഖ്യമന്ത്രിയുടെ മൗനം കൊലയാളികൾക്ക് പ്രോൽസാഹനം നൽകുന്നതാണ്. ഡമ്മി പ്രതികൾക്കുവേണ്ടിയാണ് മുഖ്യമന്ത്രി കാത്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്കൂൾപറമ്പത്ത് ഹൗസിൽ ഷുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. കാറിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞശേഷം ശുഹൈബിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശുഹൈബിന്റെ കാലുകളിൽ മാത്രം 37 വെട്ടുകളാണ് ഏറ്റത്. കാലുകളിൽ മാത്രമാണു വെട്ടേറ്റതെന്നും ചോര വാർന്നാണു മരണമെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.