കണ്ണൂർ: ഷുഹൈബ് വധക്കേസിൽ അന്വേഷണം ശരിയായ ദിശയിലാണെങ്കില്‍ പൊലീസ് നായ ആദ്യം എത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. മുഖ്യമന്ത്രി അറിയാതെ കണ്ണൂരില്‍ ഒരു ഇലപോലും അനങ്ങില്ലെന്നും നായ പിന്നീട് പോകുന്നത് എകെജി സെന്ററിലേക്ക് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യഥാർഥ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമാധാനത്തോടെ ഭരിക്കാൻ പിണറായി വിജയനെ അനുവദിക്കില്ലെന്ന് കെ.മുരളീധരൻ വ്യക്തമാക്കിയിരുന്നു. അറസ്റ്റുണ്ടായില്ലെങ്കിൽ 26 മുതൽ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ഒരു വാക്കുപോലും പറയാൻ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ഡമ്മി പ്രതികളെ വച്ച് കേസ് തേച്ചുമായ്ച്ചു കളയാനാണു ശ്രമമെങ്കിൽ പ്രതിപക്ഷം ശക്തമായി രംഗത്തുവരും. പ്രതികൾക്കായി പൊലീസ് പരിശോധനയ്ക്ക് ഇറങ്ങുന്പോൾ ആ നിമിഷംതന്നെ വിവരം പാർട്ടി നേതാക്കൾക്കും പ്രതികൾക്കും ചോർന്നുകിട്ടുകയാണ്. ജനങ്ങൾക്ക് ഒന്നിനും രണ്ടിനും പോകാനേ മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പറ്റുകയുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു.
അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പാർട്ടി നേതാക്കളുടെ മക്കൾ ഗൾഫിൽ വലിയ ബിസിനസ് നടത്തുന്പോൾ കേരളത്തിലെ സിപിഎം അണികൾ പാവപ്പെട്ടവരെ വെട്ടിക്കൊലപ്പെടുത്തുകയാണ്. സെക്രട്ടറിയുടെ മകന്റെ ചെക്ക് ക്ലിയറാക്കിയത് ഗൾഫിലെ ഏത് അധ്വാനിക്കുന്ന ജനവിഭാഗത്തിൽപ്പെട്ട വ്യക്തിയാണെന്ന് വ്യക്തമാക്കണം. എന്തിനും ഏതിനും പ്രതികരിക്കുന്ന സാംസ്കാരിക നായകൻമാർക്ക് ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയപ്പോൾ പ്രതികരിക്കാൻ നട്ടെല്ലോടെ അവർ ജീവിച്ചിരിപ്പില്ലേയെന്നും മുരളീധരൻ ചോദിച്ചു.