കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതികൾ സിപിഎമ്മുകാർ തന്നെയെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. എടയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തിൽ ഷുഹൈബ് ഇടപെട്ടതാണു കൊലപാതകത്തിനു പ്രകോപനമായത്. സ്കൂളിലെ തിരഞ്ഞെടുപ്പിനെ തുടർന്നാണ് ഇരു വിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഷുഹൈബിനെ ആക്രമിക്കാനെത്തിയ സംഘത്തിൽ 5 പേരാണ് ഉണ്ടായിരുന്നത്. 4 പേർ ചേർന്നാണ് ഷുഹൈബിനെ വെട്ടിയത്. ആക്രമണം തടയാൻ ശ്രമിച്ചവരെയും വെട്ടാൻ നോക്കിയെന്നും റിപ്പോർട്ടിലുണ്ട്.

ഷുഹൈബ് വധക്കേസിൽ കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകരായ തില്ലങ്കേരി വഞ്ഞേരിയിലെ എം.വി.ആകാശ് (24), കരുവള്ളിയിലെ രജിൻ രാജ് (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതി ഇവരെ റിമാൻഡ് ചെയ്തിരുന്നു. ഇവർക്കുള്ള റിമാൻഡ് റിപ്പോർട്ടിലാണ് കൊലപാതകത്തിനു പിന്നിൽ സിപിഎമ്മുകാരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുളളത്.

ഷുഹൈബിനു നേരെ ആക്രമണമുണ്ടാകുമെന്നു ചില സിപിഎം പ്രാദേശിക നേതാക്കൾക്ക് അറിയാമായിരുന്നുവെന്നും പ്രതികൾ പൊലീസിനോടു പറഞ്ഞിരുന്നു. കേസിൽ മട്ടന്നൂർ എടയന്നൂർ സ്വദേശികളായ രണ്ടുപേരും മുടക്കോഴി സ്വദേശിയുമാണ് ഇനി പിടിയിലാകാനുളളത്.

ഈമാസം 12നാണ് യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടത്. തൈരൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നതിനിടെ രാത്രി 10.45 ഓടെയാണ് സംഭവം. അക്രമികൾ ഷുഹൈബിന് നേരെ ബോംബെറിഞ്ഞശേഷം ശേഷം വെട്ടുകയായിരുന്നു. ഷുഹൈബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ