തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ രീതി സഹിക്കാൻ കഴിയാത്തതാണെന്ന് ഉമ്മൻ ചാണ്ടി. താലിബാൻ മോഡലിലാണ് അക്രമികൾ ഷുഹൈബിനെ വെട്ടി വീഴ്ത്തിയത്. 37 വെട്ടുകളാണ് അക്രമികൾ വെട്ടിയത്. കൊലപാതകത്തിനു പിന്നിലെ പ്രതികളെ പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകം നടന്നിട്ടും മുഖ്യമന്ത്രി നിശബ്ദത പുലർത്തുന്നത് ഭയപ്പെടുത്തുന്നതാണ്. പിണറായിയുടെ ഭരണത്തിന് കീഴില്‍ ഗര്‍ഭസ്ഥ ശിശുവിന് പോലും രക്ഷയില്ല. പ്രതികൾക്ക് രക്ഷപ്പെടാൻ സർക്കാർ അവസരം ഒരുക്കുകയായിരുന്നു. കൊലപാതകത്തെ കുറിച്ച് വിവരം ലഭിച്ച ഉടൻ പരിശോധന നടത്തിയിരുന്നെങ്കിൽ പ്രതികളെ പിടികൂടാൻ കഴിയുമായിരുന്നു. സിപിഎം നൽകുന്ന പ്രതികളെ പിടികൂടാനാണ് പൊലീസ് നീക്കം. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

കോൺഗ്രസ് അതീവ ഗൗരവത്തോടെയാണ് ഈ സംഭവത്തെ കാണുന്നത്. ഇടതുപക്ഷത്തെപ്പോലെ കൊലയ്ക്കു പകരം കൊല എന്ന രീതിയിൽ കോൺഗ്രസ് പ്രതികരിക്കില്ല. ജനങ്ങളെ അണിനിരത്തി പ്രതിഷേധമാണ് കോൺഗ്രസ് സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഷുഹൈബിന്റെ കൊലയാളികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിക്ക് താൽപര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മൗനം കൊലയാളികൾക്ക് പ്രോൽസാഹനം നൽകുന്നതാണ്. ഡമ്മി പ്രതികൾക്കുവേണ്ടിയാണ് മുഖ്യമന്ത്രി കാത്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ