കണ്ണൂ: മട്ടന്നൂർ ഷുഹൈബ് കൊലപാതക കേസിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സുധാകരൻ നടത്തുന്ന നിരാഹാര സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കണ്ണൂരിൽ ചേർന്ന യുഡിഎഫ് നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സിബിഐ അന്വേഷണമെന്ന ആവശ്യത്തോട് സംസ്ഥാന സർക്കാർ അനുകൂല നിലപാടെടുക്കുന്നത് വരെ നിരാഹാര സമരം തുടരാനാണ് യുഡിഎഫിന്‍റെ തീരുമാനം.

നിരാഹാരം തുടരാനുള്ള സുധാകരന്റെ ഉറച്ച തീരുമാനം നേതൃയോഗം അംഗീകരിച്ചെന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയാണു മാധ്യമങ്ങളെ അറിയിച്ചത്‌. സര്‍ക്കാരിന്റെ ഇതുവരെയുള്ള നിലപാട്‌ തൃപ്‌തികരമല്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി.മുഹമ്മദും എസ്‌.പി.റസിയയും നല്‍കിയ നിവേദനം മുഖ്യമന്ത്രിക്കു കൈമാറിയെന്നും അന്വേഷണ ഉത്തരവ്‌ കൈയിലെത്തുന്നതു വരെ സമരം തുടരുമെന്നും രമേശ്‌ പറഞ്ഞു.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്‌ ഉന്നിനോടാണു സുധാകരന്‍ ഉപമിച്ചത്‌. 19-നു നിരാഹാരം തുടങ്ങിയ സുധാകരന്റെ ആരോഗ്യനില മോശമാണെന്നും ഉടന്‍ ആശുപത്രിയിലേക്കു മാറ്റണമെന്നും ഡിഎംഒ ജില്ലാ കലക്‌ടര്‍ക്കു റിപ്പോര്‍ട്ട്‌ നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ