കണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറി ഷുഹൈബിനെ വധിച്ച കേസിൽ കസ്റ്റഡിയില്‍ ഉളളവര്‍ ഡമ്മി പ്രതികളാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനായി സിപിഎം പ്രാദേശിക നേതൃത്വം തയ്യാറാക്കിയ തിരക്കഥയാണിതെന്നും സുധാകരന്‍ പറഞ്ഞു. ഡമ്മി പ്രതികളെ കണ്ടുപിടിക്കാനാണ് ആറ് ദിവസം കാത്തു നിന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേസില്‍ രണ്ടു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.പി.എം പ്രവർത്തകരായ തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിൻ രാജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ആർ.എസ്.എസ് പ്രവർത്തകനെ കൊന്ന കേസിലെ പ്രതികളാണിവർ. കേസുമായി ബന്ധപ്പെട്ട് ഇന്നലെ ആറുപേരെ കസ്റ്റഡിയിൽ എടുത്തിരുന്നു.
കൊലയാളികൾക്കായുള്ള തെരച്ചിൽ വ്യാപകമാക്കിയതിനിടെ മുടക്കോഴി മലയിലും മുഴക്കുന്ന് ഭാഗങ്ങളിലും പൊലീസ് ഇന്നലെ അരിച്ചുപെറുക്കിയിരുന്നു. ജില്ലാ പൊലീസ് ചീഫ് ജി. ശിവവിക്രമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളിൽ ചിലർ ഒളിവിൽ കഴിഞ്ഞിരുന്നത് ഈ ഭാഗങ്ങളിലായിരുന്നു. സൈബർ സെല്ലിന്റെ നേതൃത്വത്തിൽ ഫോൺ, ഇന്റർനെറ്റ് കാളുകൾ വിശദമായി പരിശോധിക്കുന്നുണ്ട്. കൊല നടന്ന തെരൂരിലെയുംപരിസരത്തെയും പത്തോളം സ്ഥാപനങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കും.പ്രതികളെ ഇനിയും പിടികൂടാത്തതിൽ പ്രതിഷേധിച്ച് കെ. എസ്.യുവിന്റെ നേതൃത്വത്തിൽ ഇന്നലെ മട്ടന്നൂർ പൊലീസ് സ്റ്റേഷനു മുന്നിൽ സത്യാഗ്രഹം നടത്തി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ