കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിച്ചാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. കോടതി നിർദേശിച്ചാൽ കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല.
അതിനിടെ, ഹർജി പരിഗണിച്ച കോടതി പൊലീസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. കേസിൽ പൊലീസ് ഇനി ഒന്നും ചെയ്യേണ്ടെന്ന് കോടതി വ്യക്തമാക്കി.പൊലീസിന്റെ കേസ് അന്വേഷണത്തിലും ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. പ്രതികളുടെ അസാന്നിധ്യത്തിൽ ആയുധങ്ങൾ കണ്ടെടുത്തത് കളളക്കളിയാണ്. പ്രതികളുടെ സാന്നിധ്യത്തിൽ എന്തുകൊണ്ട് ആയുധങ്ങൾ കണ്ടെടുത്തില്ലെന്ന് കോടതി ചോദിച്ചു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗൂഢാലോചന പുറത്തുവരാറില്ലെന്നും രഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി സിംഗിൾ ബെഞ്ച് പരിഗണിക്കാനാവില്ലെന്ന് സർക്കാർ നിലപാടെടുത്തു. സ്‌റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹനാണ് സർക്കാരിനുവേണ്ടി ഹാജരായത്. ഇതിനെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്. കണ്ണൂരിലെ കൊലപാതകങ്ങളില്‍ താന്‍ നേരത്തെയും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. ഇപ്പോള്‍ മാത്രം സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇതിനെ എതിര്‍ക്കുന്നതെന്നും ജഡ്ജി ചോദിച്ചു.