തിരുവനന്തപുരം:ഷുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തി വരുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നിയമനടപടികൾ സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ പ്രസ്താവനയിൽ പറഞ്ഞു. സി.പി.എം നേതാക്കളുടെ പങ്കും ഗൂഢാലോചനയും പുറത്തു വരുമെന്നുള്ള ഭയത്താലാണ് സി.ബി.ഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി നിലപാട് എടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

‘ഷുഹൈബിന്റെ മാതാപിതാക്കളുടെ ആവശ്യം സി.ബി.ഐ അന്വേഷണമാണ്. ഈ ആവശ്യം ഉന്നയിച്ച് അവർ നൽകിയ കത്ത് മുഖ്യമന്ത്രിക്ക് പ്രതിപക്ഷം നൽകിയിരുന്നു. മുഖ്യമന്ത്രി ഉറപ്പും നൽകിയിരുന്നു. എന്നിട്ടാണ് ഇപ്പോൾ നിയമസഭയിൽ മുഖ്യമന്ത്രി മലക്കം മറിഞ്ഞത്. ഇതേ ആവശ്യവുമായി യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ച പിണറായി സർക്കാരിന്റെ നടപടി കിരാതമാണ്.
ലാത്തി കൊണ്ടും ടിയർഗ്യാസു കൊണ്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നിശബ്ദരാക്കാമെന്ന് തെറ്റിദ്ധരിക്കേണ്ട.യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച പൊലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഹസൻ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ