കണ്ണൂർ: എടയന്നൂരിൽ ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിൽ സിപിഎം പ്രവർത്തകനായ ആകാശ് തില്ലങ്കേരിയില്ലെന്ന വെളിപ്പെടുത്തലുമായി നൗഷാദ്. ഷുഹൈബിനൊപ്പം വെട്ടേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് നൗഷാദ്. ഷുഹൈബിനെ ആക്രമിച്ച സംഘത്തിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നതെന്നും ഇതിൽ ആകാശ് തില്ലങ്കേരി ഇല്ലെന്നും നൗഷാദ് പറഞ്ഞു.

പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നൗഷാദ് നടത്തിയ വെളിപ്പെടുത്തൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കും വിധമായി. ഇന്നലെ പത്രസമ്മേളനം നടത്തിയ അന്വേഷണ സംഘം കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് വ്യക്തമാക്കിയിരുന്നു.

കണ്ണൂരിൽ ചികിൽസയിൽ കഴിയുന്ന നൗഷാദ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ നടത്തിയത്. “ആകാശ് തില്ലങ്കേരി ഷുഹൈബിനെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ല. ഷുഹൈബിനെ വെട്ടിയത് മൂന്നംഗ സംഘമാണ്. അവർ 26-27 വയസ് പ്രായമുളളവരാണ്. ആകാശ് തില്ലങ്കേരിയുടെ അത്ര ഉയരമുളളവരായിരുന്നില്ല അവർ. എല്ലാവർക്കും ആകാശിനേക്കാൾ നീളം കുറവായിരുന്നു”, നൗഷാദ് വ്യക്തമാക്കി.

നേരത്തേ സിപിഎം പ്രാദേശിക നേതാക്കൾക്കൊപ്പം ആകാശ് തില്ലങ്കേരിയും സംഘവും പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതാണെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ ആകാശ് തില്ലങ്കേരിയെ വ്യക്തമായ തെളിവുകളോടെയാണ് പിടികൂടിയതെന്ന് പൊലീസ് ഇന്നലെ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ