കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതികളെ സിപിഎം പുറത്താക്കി. പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരി, ടി കെ അസ്‌കര്‍, കെ.അഖില്‍, സി.എസ് ദീപ് ചന്ദ് എന്നിവരെയാണ് കണ്ണൂര്‍ ജില്ലാക്കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കിയത്.

പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെതിരെയാണ് നടപടി. ജില്ലാകമ്മിറ്റിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തിരുന്നു.

യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുബൈഹ് വധക്കേസ് കഴിഞ്ഞദിവസം ഹൈക്കോടതി സിബിഐക്ക് വിട്ടിരുന്നു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നു പറഞ്ഞായിരുന്നു കോടതിയുടെ തീരുമാനും. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല.

അതിനിടെ, ഹര്‍ജി പരിഗണിച്ച കോടതി പൊലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേസില്‍ പൊലീസ് ഇനി ഒന്നും ചെയ്യേണ്ടെന്ന് കോടതി വ്യക്തമാക്കി.പൊലീസിന്റെ കേസ് അന്വേഷണത്തിലും ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. പ്രതികളുടെ അസാന്നിധ്യത്തില്‍ ആയുധങ്ങള്‍ കണ്ടെടുത്തത് കളളക്കളിയാണ്. പ്രതികളുടെ സാന്നിധ്യത്തില്‍ എന്തുകൊണ്ട് ആയുധങ്ങള്‍ കണ്ടെടുത്തില്ലെന്ന് കോടതി ചോദിച്ചു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗൂഢാലോചന പുറത്തുവരാറില്ലെന്നും രഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) ഫെബ്രുവരി പന്ത്രണ്ടിനു രാത്രിയാണു കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതിപരത്തിയശേഷം വെട്ടുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ