കണ്ണൂര്‍: ഷുഹൈബ് വധക്കേസിൽ മന്ത്രി എ.കെ.ബാലന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ചേരുന്ന സർവ്വകക്ഷി യോഗത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. യോഗം പ്രഹസനമാണെന്ന വാദമാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തിയത്. കേസിൽ പ്രതികളായ സിപിഎം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാത്തത് എന്തുകൊണ്ടാണെന്നും ഇവർ ചോദിച്ചു.

കെ.സുധാകരനും സതീശൻ പാച്ചേനിയുമാണ് ആരോപണങ്ങളുമായി മുന്നോട്ട് വന്നത്. “നേരത്തേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം നടന്നതാണ്. അന്നെടുത്ത തീരുമാനങ്ങൾ നടപ്പിലായില്ല. സിപിഎം തന്നെ അക്രമങ്ങൾ നടത്തുകയാണ്. എന്നിട്ടാണ് മന്ത്രി ബാലന്റെ നേതൃത്വത്തിൽ യോഗം നടത്തുന്നത്. ഇതിൽ എന്തർത്ഥമാണ് ഉളളത്?” പാച്ചേനി ചോദിച്ചു.

“ഷുഹൈബ് വധക്കേസിൽ യഥാർത്ഥ പ്രതികളെയാണ് പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. എന്നിട്ട് എന്തുകൊണ്ടാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങാതിരിക്കുന്നത്? അതിൽ ദുരൂഹതയുണ്ട്”, പ്രതികളെ പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങാതിരിക്കുന്നതിന് എതിരെ കെ.സുധാകരൻ കുറ്റപ്പെടുത്തി.

യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ നിരാഹാരം അനുഷ്ഠിക്കുന്ന കെ.സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തില്‍ രാവിലെ 10.30നാണ് സമാധാനയോഗം വിളിച്ചിരിക്കുന്നത്.

അതേസമയം, ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാൻ കോൺ‌ഗ്രസ് സംഘടിപ്പിച്ച രക്തസാക്ഷി ഫണ്ട് ശേഖരണത്തിനിടെ കണ്ണൂരിൽ ആക്രമണം നടന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. ഉള്ള്യേരി ബൂത്ത് പ്രസിഡന്‍റ് ഗംഗാധരനാണ് മർദ്ദനമേറ്റത്. സിപിഎം പ്രവർത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് കോൺഗ്രസ് ആരോപിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ