മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി.ഷുഹൈബി (29) നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളിലൊരാളായ ആകാശിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഡമ്മി പ്രതികളെ പൊലീസിന് നല്‍കാമെന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഉറപ്പിന്മേലാണ് കൊലപാതകം നടത്തിയതെന്ന് ആകാശ് പൊലീസിന് മൊഴി നല്കി.
‘ക്വട്ടേഷന്‍ നല്‍കിയത് പ്രാദേശിക ഡിവൈഎഫ്ഐ നേതൃത്വമാണ്. ഡമ്മി പ്രതികളെ നല്‍കാമെന്നാണ് പറഞ്ഞത്. പ്രതികളെ നല്കിയാല് പൊലീസ് കൂടുതലൊന്നും അന്വേഷിക്കില്ലെന്നും ഉറപ്പ് പറഞ്ഞു. ഭരണം നമ്മുടെ കൈയ്യില്‍ ആയതിനാല്‍ പേടിക്കാനൊന്നും ഇല്ലെന്നും നേതാക്കള്‍ ഉറപ്പു പറഞ്ഞു. അടിച്ചാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ വെട്ടണം എന്നായിരുന്നു ശാഠ്യം പിടിച്ചത്’, ആകാശ് പൊലീസിനോട് വെളിപ്പെടുത്തി.
പ്രതികൾക്കും പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾക്കുമായുള്ള അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താനെത്തിയ കാറും അക്രമികൾ കൃത്യം നിർവഹിച്ചതിനു ശേഷം വഴിക്കു വച്ചു മാറി കയറിയ കാറും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനങ്ങളുടെ നന്പർ പ്ലേറ്റ് ഇളക്കി മാറ്റിയ ശേഷമാണ് ഫോർ റജിസ്ട്രേഷൻ സ്റ്റിക്കർ പതിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലാകാനുള്ള മറ്റുള്ളവർക്കു വേണ്ടി പൊലീസ് കർണാടകയടക്കമുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് തിരച്ചിൽ ഊർജ്ജിതമാക്കി.
കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരെയും ഗൂഢാലോചനക്കാരെയും പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും കണ്ടെത്തുന്നതിനാണ് തിരച്ചിൽ ശക്തമാക്കിയത്. മട്ടന്നൂർ, എടയന്നൂർ, തില്ലങ്കേരി ഭാഗത്തു നിന്നുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവർ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ ഒളിവിലാണെന്ന സൂചനയാണ് പൊലീസിന് നേരത്തെ ലഭിച്ചിരുന്നത്. എന്നാൽ ഇവർ സംസ്ഥാന വിട്ടുകാരണമെന്ന സംശയത്താൽ അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
കണ്ണൂർ റേഞ്ച് ഐജി മഹിപാൽ യാദവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. റെയ്ഡ് വിവരങ്ങൾ ചോർത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഐജി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം തില്ലങ്കേരി വഞ്ഞേരിയിലെ എം.പി.ആകാശ് (24), മുടക്കോഴി മലയ്ക്ക് സമീപത്തെ കരുവള്ളിയിലെ റിജിൻ രാജ് (24) എന്നിവരെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. മട്ടന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത പ്രതികളെ കണ്ണൂർ സ്പെഷ്യൽ ജയിലിൽ അടച്ചിരിക്കുകയാണ്.
ആകാശും റിജിൻ രാജും ഉൾപ്പെടെ അഞ്ചംഗ അംഗ സംഘമാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താൻ നേരിട്ട് പങ്കെടുത്തതെന്നാണ് പൊലീസ് ഭാഷ്യം. ഇവർക്കു പുറമെയുള്ള പ്രതികളെ പിടികൂടാനാണ് പൊലീസ് ശ്രമിക്കുന്നത്. 12 സിപിഎം പ്രവർത്തകർ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
തെരൂരിൽ തട്ടുകടയിൽ ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കാറിലെത്തിയ സംഘം ഷുഹൈബിനെ മാരകയാമി വെട്ടിക്കൊലപ്പെടുത്തിയത്. അരയ്ക്ക് താഴോട്ട് 37 വെട്ടേറ്റ ശുഹൈബ് ചോരവാർന്ന് മരിക്കുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ശേഷമാണ് കൊലയാളികൾ ആക്രമണം നടത്തിയത്.