തൃശ്ശൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട പ്രവർത്തകരെ സിപിഎം പുറത്താക്കും. പ്രതികളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്കി. തൃശ്ശൂരിൽ നടക്കുന്ന പാര്‍ട്ടി സമ്മേളനത്തിനു ശേഷമാകും നടപടി.
അതേസമയം, ഷുഹൈബ് വധക്കേസില്‍ കൊലയാളികള്‍ സഞ്ചരിച്ച വാഹനം വാടകയ്ക്കെടുത്തത് പ്രതി ആകാശ് തില്ലങ്കേരിയെന്ന് പൊലീസ്. തളിപ്പറമ്പ് ഭാഗത്തുനിന്നാണ് വാഹനം വാടകയ്ക്കെടുത്തത്. കൊലപാതകത്തിന് തലേദിവസം ആകാശ് തളിപ്പറമ്പ് ഭാഗത്ത് എത്തിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ഡമ്മി പ്രതികളെ പൊലീസിന് നല്‍കാമെന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഉറപ്പിന്മേലാണ് കൊലപാതകം നടത്തിയതെന്ന് ഷുഹൈബ് വധക്കേസിലെ പ്രതികളിലൊരാളായ ആകാശ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ‘ക്വട്ടേഷന്‍ നല്‍കിയത് പ്രാദേശിക ഡിവൈഎഫ്ഐ നേതൃത്വമാണ്. ഡമ്മി പ്രതികളെ നല്‍കാമെന്നാണ് പറഞ്ഞത്. പ്രതികളെ നല്കിയാല് പൊലീസ് കൂടുതലൊന്നും അന്വേഷിക്കില്ലെന്നും ഉറപ്പ് പറഞ്ഞു. ഭരണം നമ്മുടെ കൈയ്യില്‍ ആയതിനാല്‍ പേടിക്കാനൊന്നും ഇല്ലെന്നും നേതാക്കള്‍ ഉറപ്പു പറഞ്ഞു. അടിച്ചാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ വെട്ടണം എന്നായിരുന്നു ശാഠ്യം പിടിച്ചത്’, ആകാശ് പൊലീസിനോട് വെളിപ്പെടുത്തി.
ഷുഹൈബ് വധക്കേസിൽ തില്ലങ്കേരി വഞ്ഞേരിയിലെ എം.പി.ആകാശ് (24), മുടക്കോഴി മലയ്ക്ക് സമീപത്തെ കരുവള്ളിയിലെ റിജിൻ രാജ് (24) എന്നിവരെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. ഇനി 3 പേരാണ് പിടിയിലാകാനുളളത്. ആകാശും റിജിൻ രാജും ഉൾപ്പെടെ അഞ്ചംഗ അംഗ സംഘമാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താൻ നേരിട്ട് പങ്കെടുത്തതെന്നാണ് പൊലീസ് ഭാഷ്യം. ഇവർക്കു പുറമെയുള്ള പ്രതികളെ പിടികൂടാനാണ് പൊലീസ് ശ്രമിക്കുന്നത്.
തെരൂരിൽ തട്ടുകടയിൽ ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കാറിലെത്തിയ സംഘം ഷുഹൈബിനെ മാരകമായി വെട്ടിക്കൊലപ്പെടുത്തിയത്.