കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയല്ല ആക്രമിച്ചതെന്ന് പ്രതികളുടെ മൊഴി. കാൽവെട്ടാനായിരുന്നു ഉദ്ദേശ്യം. ഷുഹൈബ് ഒരിക്കലും എഴുന്നേറ്റ് നടക്കരുത് എന്നതായിരുന്നു ആക്രമണത്തിന് പിന്നിലുണ്ടായിരുന്ന ലക്ഷ്യമെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി.

അതേസമയം, കൊലപാതക സംഘത്തിൽ 5 പേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിലെ ആകാശ്, റിജിൻ എന്നിവർ പൊലീസിൽ കീഴടങ്ങിയിരുന്നു. ഇനി പിടിയിലാവാൻ ഉളളവരിൽ രണ്ടുപേർ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാക്കളാണ്. മറ്റൊരാൾ കൊലയാളി സംഘം സഞ്ചരിച്ചിരുന്ന വാഗണർ കാർ ഓടിച്ചിരുന്ന ഡ്രൈവറാണ്. ഇവർക്കായുളള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

അതിനിടെ, ഷുഹൈബ് വധക്കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. മഹിപാൽ യാദവിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുക.

യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്കൂൾപറമ്പത്ത് ഹൗസിൽ ഷുഹൈബ് (30) കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. കാറിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞശേഷം ശുഹൈബിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശുഹൈബിന്റെ കാലുകളിൽ മാത്രം 37 വെട്ടുകളാണ് ഏറ്റത്. കാലുകളിൽ മാത്രമാണു വെട്ടേറ്റതെന്നും ചോര വാർന്നാണു മരണമെന്നുമായിരുന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ