തിരുവനന്തപുരം: കൃഷി വകുപ്പിലെ തമ്മിലടിയെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥന്മാർക്ക് സ്ഥാനചലനം. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി ഐഎഎസ്, കൃഷി വകുപ്പ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസ് എന്നിവരെയാണ് മാറ്റിയത്. പകരം ടികാറാം മീണയെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കാന്‍ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കൃഷി വകുപ്പ് ഡയറക്ടറെ തീരുമാനിച്ചിട്ടില്ല.
തന്നെ വിജിലൻസ് കേസുകളിൽ കുടുക്കാൻ സെക്രട്ടറി രാജു നാരായണ സ്വാമി ശ്രമിക്കുന്നുവെന്ന് ബിജു പ്രഭാകർ മാധ്യമങ്ങൾക്ക് മുന്നില്‍ തുറന്നടിച്ചതാണ് കൃഷി വകുപ്പിലെ പോര് മറനീക്കി പുറത്തുവന്നത്. ഇതിന് പിന്നാലെ മറുപടിയുമായി രാജു നാരായണ സ്വാമിയും രംഗത്തെത്തി. ബിജു പ്രഭാകന്റ അഴിമതി നടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച രാജു നാരായണ സ്വാമി ഇദ്ദേഹത്തിന്റെ ഐഎഎസ് വ്യാജമാണെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചു.
കഴിഞ്ഞ ദിവസമാണ് കൃഷി വകുപ്പിലെ ഡയറക്ടറായ ബിജു പ്രഭാകർ ജോലിയിൽ നിന്ന് നീണ്ട അവധിയെടുക്കുകയാണെന്ന് അറിയിച്ച് രംഗത്തെത്തിയത്. ചട്ടങ്ങൾ പാലിച്ച് ജോലി ചെയ്താലും വിജിലൻസ് കേസിൽ കുടുക്കുകയാണെന്നാണ് ഇദ്ദേഹം പ്രിൻസിപ്പൽ സെക്രട്ടറിയെ ലക്ഷ്യമാക്കി ഉന്നയിച്ച ആരോപണം. തീരുമാനം എടുക്കില്ല എന്ന് തീരുമാനിച്ച ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളതെന്നും ഇവരുടെ വഴിയേ പോവുകയാണ് തനിക്കും നല്ലതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഹോർട്ടികൾച്ചർ മിഷന്റെ പ്രത്യേക പരിശീലന പരിപാടിയിൽ വിദേശത്ത് നിന്നുള്ള വിദഗ്ദ്ധനെ പങ്കെടുപ്പിച്ചതാണ് ഇരുവരും തമ്മിൽ ഭിന്നതയ്ക്ക് കാരണമായിരിക്കുന്നത്. ഇസ്രയേലിൽ നിന്നുള്ള ക്ലിഫ് ലവ് എന്നയാളാണ് ഈയിടെ ഹോർട്ടികൾച്ചർ മിഷന്റെ പരിപാടിയിൽ പങ്കെടുത്തത്. ഇത് സംബന്ധിച്ച ഫയൽ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി വിളിപ്പിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
നല്ല ഉദ്ദേശത്തോടെ താൻ നടത്തിയ കാര്യത്തിൽ വിജിലൻസ് കേസ് നൽകാനാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശ്രമമെന്ന് കാണിച്ച് മന്ത്രി വി.എസ്.സുനിൽകുമാറിന് ബിജു പ്രഭാകർ അവധി അപേക്ഷ നൽകുകയായിരുന്നു.
വിദേശത്ത് നിന്ന് സന്ദർശക വിസയിൽ കേരളത്തിലെത്തിയയാളെ ഔദ്യോഗിക ചടങ്ങിൽ പങ്കെടുപ്പിച്ചതിന് പിന്നിൽ അഴിമതിയുണ്ടെന്ന സംശയത്താലാണ് ഫയൽ വിളിപ്പച്ചതെന്ന് രാജു നാരായണ സ്വാമി മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി.
എന്നാൽ ഇതിന് പിന്നാലെ രൂക്ഷമായ വിമർശനം ഇരുകൂട്ടർക്കും നേരെ ഉയർത്തി മന്ത്രി വി.എസ്.സുനിൽകുമാറും രംഗത്തെത്തി. “സർക്കാർ ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്ത് തീർക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യേണ്ടത്. ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങൾ അനാവശ്യമാണ്” എന്ന് മന്ത്രി വ്യക്തമാക്കിയതോടെ സംഭവം സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് വ്യക്തമായി. തുടര്‍ന്നാണ് കൃഷി വകുപ്പ് അഴിച്ചുപണിത് മന്ത്രി നടപടി എടുത്തത്