തിരുവനന്തപുരം: 2022ലെ പി. പദ്മരാജൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച തിരക്കഥാകൃത്തായി ബി 32 മുതൽ 44 വരെ എന്ന ചിത്രത്തിന്റെ സംവിധായിക ശ്രുതി ശരണ്യം തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്തു മയക്കം എന്ന ചിത്രത്തിലൂടെ ലിജോ ജോസ് മികച്ച സംവിധായകനായി.
സാഹിത്യപുരസ്കാരത്തിൽ, എം മുകുന്ദൻ, വി ജെ ജെയിംസ് എന്നിവരും പുരസ്കാരങ്ങൾ നേടി. നിങ്ങൾ എന്ന നോവൽ ആണ് എം മുകുന്ദനെ പുരസ്കാരത്തിന് അർഹനാക്കിയത്. വെള്ളിക്കാശ് എന്ന ചെറുകഥയാണ് വി ജെ ജെയിംസിന് പുരസ്കാരം നേടി കൊടുത്തത്.
സാറ ജോസഫ്, ശ്രീകുമാരൻ തമ്പി എന്നിവരായിരുന്നു സാഹിത്യ- സിനിമ പുരസ്കാരങ്ങളുടെ അധ്യക്ഷത വഹിച്ചത്. മനോജ് കൂറുർ, പ്രദീപ് പനങ്ങാട് എന്നിവർ സാഹിത്യപുരസ്കാര ജൂറിയിലെ മെമ്പർമാരായിരുന്നു. ദീപിക സുശീലനും വിജയകൃഷ്ണനുമായിരുന്നു ചലച്ചിത്ര പുരസ്കാര ജൂറിയിലെ അംഗങ്ങൾ. പുരസ്കാരങ്ങൾ ഓഗസ്റ്റ് മാസം വിതരണം ചെയ്യുമെന്ന് പദ്മരാജൻ ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ ചന്ദ്രശേഖർ എന്നിവർ അറിയിച്ചു.