തിരുവനന്തപുരം: കോടികൾ ചെലവഴിച്ച് സ്വദേശി ദർശൻ പദ്ധതി വഴി പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൂർത്തികരിച്ച നിർമ്മാണങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി സദാശിവം ഉൾപ്പടെയുള്ളവരും ചടങ്ങിൽ പങ്കെടുത്തു. അതേസമയം പരിപാടിയിൽ ക്ഷണം ലഭിച്ചിരുന്നില്ല എന്ന് ചൂണ്ടികാട്ടി ശശി തരൂർ എംപി, വി എസ് ശിവകുമാർ എംഎൽഎ എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി മടങ്ങി.
ഒരു ലക്ഷം തുളസിച്ചെടികളടങ്ങിയ തുളസീവനമാണ് നവീകരണ പ്രവർത്തനങ്ങളിൽ എടുത്ത് പറയേണ്ടത്. ക്ഷേത്രത്തിന് ചുറ്റുമുള്ള നടപ്പാതകൾ ഗ്രാനൈറ്റ് പാകി മിനുക്കുകയും. നിരീക്ഷണ ക്യാമറകൾ വ്യാപകമാക്കുകയും ചെയ്തു. തൂണുകൾ സ്ഥാപിച്ച് മണ്ഡപങ്ങൾ നവീകരിച്ചു.
Also Read: ത്രിപുരയിൽ സംഭവിച്ചത് കേരളത്തിലും ആവർത്തിക്കും: പ്രധാനമന്ത്രി
പത്മ തീർത്ഥക്കുളത്തിലെ ചെളി മുഴുവൻ മാറ്റിയിട്ടുണ്ട്. വിശ്രമകേന്ദ്രവും ശുചിമുറികളും പുതുക്കിപണിയുകയും ചെയ്തു. ക്ഷേത്രത്തിന് ഒന്നര മീറ്റർ ചുറ്റളവിലെ വൈദ്യുതി, ടെലിഫോൺ, കേബിളുകളും കുടിവെള്ള പൈപ്പുകളും ഭൂമിക്കടിയിലാക്കുകയും ചെയ്തു. സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ നിർമ്മാണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം പൂർത്തികരിച്ചിരിക്കുന്നത്.
കൊല്ലാം ബൈപ്പാസ് ഉദ്ഘാടനത്തിനും പാർട്ടി പൊതുയോഗത്തിനും ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയത്. കൊല്ലാം ബൈപ്പാസിന്റെ ഉദ്ഘാടനത്തിലും സ്ഥലം എംഎൽഎയെ ചടങ്ങിൽ ഉൾപ്പെടുത്താത്തത് വിവാദമായിരുന്നു. ബൈപാസ് കടന്നുപോകുന്ന ഇരവിപുരത്തെ എംഎല്‍എ എം.നൗഷാദിനേയും മേയറേയും ഉദ്ഘാടന ചടങ്ങിൽ തഴഞ്ഞു. അതേസമയം, ഒ.രാജഗോപാൽ എംഎല്‍എയും ബിജെപി എംപിമാരായ സുരേഷ് ഗോപിയും വി.മുരളീധരനും ചടങ്ങിൽ പങ്കെടുത്തു.
Also Read: പ്രസംഗത്തിനിടെ ശരണം വിളി; എന്തും കാണിക്കാനുള്ള വേദിയല്ലെന്ന് മുഖ്യമന്ത്രിയുടെ താക്കീത്
പിന്നീട് പാർട്ടി പൊതുയോഗത്തിലെത്തിയ പ്രധാനമന്ത്രി എൽഡിഎഫിനും യുഡിഎഫിനുമെതിരെ കടുത്ത ആരോപണങ്ങളാണ് അഴിച്ചുവിട്ടത്. ശബരിമല വിഷയത്തിലും മുത്തലാഖിലും ഇരുമുന്നണികളെയും കടന്ന് ആക്രമിച്ച നരേന്ദ്ര മോദി ത്രിപുരയിൽ സംഭവിച്ചത് കേരളത്തിൽ ആവർത്തിക്കുമെന്നും പറഞ്ഞിരുന്നു.