കൊച്ചി: ശബരിമല മേൽശാന്തിമാർക്ക് വോട്ട് ചെയ്യാൻ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഹർജി. വിഷയത്തിൽ കൂടുതൽ വാദത്തിനായി മാറ്റിവച്ചു. ശബരിമല മേൽശാന്തിയും മാളികപ്പുറം മേൽശാന്തിയും പുറപ്പെടാ ശാന്തിമാരാണന്നും ഇവർക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ക്ഷത്രിയ ക്ഷേമസഭ ജനറൽ സെക്രട്ടറി ആത്മജ വർമ്മ തമ്പുരാൻ സമർപ്പിച്ച ഹർജിയാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ, ചീഫ് സെക്രട്ടറി, പാലക്കാട് – ആലപ്പുഴ കലക്ടർമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി. ഇന്ത്യയിൽ പുറപ്പെടാശാന്തി മതപരമായ അനുഷ്ഠാനമാണന്നും ശാന്തിമാരായി ചുമതലയേറ്റാൽ കാലാവധി കഴിയാതെ ക്ഷേത്രത്തിൽ നിന്നു പുറത്തു പോകാനാവില്ലന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തിലെ ഗീർവനത്തിനടുത്തുള്ള ബനേജ് ക്ഷേത്രത്തിൽ ശാന്തി മാർക്ക് വോട്ടിങ് സൗകര്യത്തിന് പ്രത്യേക പോളിങ് സ്റ്റേഷൻ അനുവദിച്ചിട്ടുണ്ടന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ

വോട്ടവകാശം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ അപേക്ഷ തള്ളിയതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്. ഹർജിക്കാരുടെ ആവശ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ എതിർത്തു. തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള അവകാശങ്ങൾ മാത്രമേ അനുവദിക്കാനാവൂ എന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു. മേൽശാന്തിമാരല്ല കോടതിയെ സമീപിക്കേണ്ടതെന്നും വോട്ടവകാശം ഉന്നയിച്ച് മൂന്നാം കക്ഷിക്ക് ഇടപെടാനാവില്ലന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഹർജി കോടതി വേനലവധി കഴിഞ്ഞ് പരിഗണിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.