ബേക്കല്‍: കാസർകോട് ലഹരിമരുന്ന് മാഫിയകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് വെടിയേറ്റു. ബേക്കിലാണ് കഞ്ചാവ് മാഫിയകള്‍ തമ്മില്‍ വെടിവയ്‌പ് നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫയാസ് എന്ന യുവാവിനാണ് വെടിയേറ്റത്. ബൈക്കില്‍ ഇരിക്കുമ്പോഴാണ് പിന്നില്‍ നിന്നും ഒരു സംഘം വെടിവച്ചത്. ഞായറാഴ്‌ച രാത്രിയാണ് സംഭവം നടന്നത്.

സമീപത്തെ കടയിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഫയാസും നാസറും മറ്റൊരു സംഘവുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിന് ശേഷമാണ് വെടിവയ്‌പ് നടന്നത്. ഇന്നോവയില്‍ എത്തിയ സംഘവുമായി ഇവര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് നാസര്‍ ബൈക്കില്‍ കയറ്റി ഫയാസിനേയും കൊണ്ടു പോയി. രക്തക്കറ കണ്ടതിനെ തുടര്‍ന്ന് രാവിലെ കടയുടമയാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ദൃശ്യങ്ങള്‍ കണ്ടെടുത്തത്. നേരത്തേയും സ്ഥലത്ത് കഞ്ചാവ് മാഫിയകള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ ബാക്കിയാണ് കഴിഞ്ഞ ദിവസം രാത്രി നടന്നത്.

മംഗലാപുരത്തെ ആശുപത്രിയിലാണ് ഫയാസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളില്‍ നിന്നും മൊഴി എടുക്കാനായി പൊലീസ് മംഗലാപുരത്തേക്ക് തിരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ