കോട്ടയം: ജോസ് കെ.മാണി എംപിയുടെ ഭാര്യ നിഷ നടത്തിയ പരാമര്‍ശത്തെ കുറിച്ച് അന്വേഷിക്കണമെന്ന് പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ പൊലീസില്‍ പരാതി നല്‍കി. അതേസമയം, താന്‍ ജോസ് കെ.മാണിയുടെ ഭാര്യ നിഷയ്‌ക്കൊപ്പം ട്രെയിന്‍ യാത്ര നടത്തിയിട്ടുണ്ടെന്ന് ഷോണ്‍ പറഞ്ഞു.

കോഴിക്കോട്ടു നിന്നും കോട്ടയം വരെയായിരുന്നു നിഷയ്‌ക്കൊപ്പം യാത്ര ചെയ്തതെന്ന് പറഞ്ഞ ഷോണ്‍ പക്ഷെ താന്‍ നിഷയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പറയുന്നു. ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കാണ് ഷോണ്‍ പരാതി നല്‍കിയത്. ഭാര്യയുടെ പിതാവും നടനുമായ ജഗതി ശ്രീകുമാറിനെ കാണാനായി കോഴിക്കോട്ടെ ആശുപത്രിയിലെത്തിയ ശേഷം മടങ്ങുകയായിരുന്നു താനെന്നും ഷോണ്‍ പറഞ്ഞു.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് നിഷയുമായി സംസാരിച്ചെന്ന് പറഞ്ഞ ഷോണ്‍ ട്രെയിനില്‍ വച്ച് നിഷയുമായി സംസാരിച്ചില്ലെന്നും പറയുന്നു. രണ്ടു പേരും ഒരേ കംപാർട്മെന്റിലായിരുന്നുവെന്നും ഒപ്പം മൂന്ന് സിപിഎം പ്രവര്‍ത്തകരുമുണ്ടായിരുന്നതായും ഷോണ്‍ പറയുന്നു.

നിഷ എഴുതിയ, തന്റെ ജീവിതാംശമുള്ള ദി അദര്‍ സൈഡ് ഓഫ് ലൈഫ് എന്ന പുസ്തകത്തിലായിരുന്നു വെളിപ്പെടുത്തല്‍. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ വന്ന് പരിചയപ്പെട്ടെന്നും മോശമായി പെരുമാറുകയും ദേഹത്ത് സ്പര്‍ശിക്കുകയും ചെയ്തതായാണ് നിഷ പുസ്തകത്തില്‍ പറയുന്നത്. അതേസമയം, രാഷ്ട്രീയ നേതാവിന്റെയോ മകന്റെയോ പേര് നിഷ വെളിപ്പെടുത്തിയിട്ടില്ല.

പുസ്തകത്തിലെ പരാമര്‍ശം ചര്‍ച്ചയായതോടെ നിഷയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് ഷോണ്‍ ജോര്‍ജിന്റെ ഭാര്യ പാര്‍വ്വതി രംഗത്തെത്തിയിരുന്നു. മാര്‍ക്കറ്റിങ്ങിന് ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു പരാമര്‍ശം എന്നായിരുന്നു നിഷയുടെ പേര് പറയാതെ പാര്‍വ്വതി നടത്തിയ വിമര്‍ശനം. പിന്നാലെ തന്റെ മകന്റെ രാഷ്ട്രീ ഭാവി തകര്‍ക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് പി.സി.ജോര്‍ജും രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ