/indian-express-malayalam/media/media_files/uploads/2023/07/NCP.jpg)
പി സി ചാക്കൊ, എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ്
തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തി ബിജെപി പാളയത്തിലെത്തിയ അജിത് പവാറിനെ തള്ളി പാര്‍ട്ടിയുടെ കേരള ഘടകം. എന്‍സിപി സംസ്ഥാന ഘടകം ശരദ് പവാറിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് വനം മന്ത്രിയും മുതിര്‍ന്ന നേതാവുമായ എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. അജിത് പവാറിന് അധികാര മോഹമാണെന്നും ശശീന്ദ്രന്‍ കുറ്റപ്പെടുത്തി.
"കേരളത്തില്‍ എന്‍സിപി ഇടതു മുന്നണിക്കൊപ്പം ഉറച്ച് നില്‍ക്കും. ഒരു കാരണവശാലും ബിജെപിക്കൊപ്പം സഹകരിക്കില്ല. എന്‍സിപിയിലെ ശക്തന്‍ ശരദ് പവാര്‍ തന്നെയാണ്," ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയും അജിത് പവാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.
"ശരദ് പവാറിന്റെ നേതൃത്വത്തില്‍ ശക്തമായി മുന്നോട്ട് പോകും. കേരളത്തില്‍ എല്‍ഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കും. എതിര്‍ പാളയത്തില്‍ എംഎല്‍മാര്‍ കൂടുതലുണ്ടായിട്ട് കാര്യമില്ല, ജനപിന്തുണ ശരദ് പവാറിനൊപ്പമാണ്,'' ശരദ് പവാറും എന്‍സിപിയും ദുര്‍ബലമാകുന്നുവെന്ന വാദങ്ങള്‍ തള്ളി പി സി ചാക്കൊ പറഞ്ഞു.
''മഹാരാഷ്ട്രയില്‍ പ്രതിപക്ഷം ഇല്ലാതാകുന്നില്ല. ശരദ് പവാറിന്റേയും ഉദ്ധവ് താക്കറയുടേയും നേതൃത്വത്തിലുള്ള പാര്‍ട്ടികള്‍ മഹാരാഷ്ട്രയിലെ ഭരണകക്ഷികളേക്കാള്‍ ശക്തരാണ്. മഹാരാഷ്ട്രയിലെ പ്രമുഖ നേതക്കളെയെടുത്താല്‍ അത് മുഖ്യമന്ത്രിയൊ അജിത് പവാറൊ അല്ല. ഉദ്ധവും ശരദ് പവാറുമാണ്,'' പി സി ചൊക്കൊ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എന്‍സിപി ഞെട്ടിയെന്നും പ്രതീക്ഷിക്കാത്ത കാര്യമാണ് സംഭവിച്ചതെന്നും എന്‍സിപി നേതാവും എംഎല്‍എയുമായ തോമസ് കെ തോമസ് പ്രതികരിച്ചു. "ഞങ്ങള്‍ ശരദ് പവാറിനൊപ്പമാണ്. കേരളത്തില്‍ എല്‍ഡിഎഫിനൊപ്പമാണ്, സഖാവ് പിണറായി വിജയനൊപ്പമാണ്, അത് ഏത് സാഹചര്യത്തിലാണെങ്കിലും," തോമസ് പറഞ്ഞു.
എന്‍സിപിയെ വിട്ട് അജിത് പവാര്‍ ബിജെപിയുടെ ഏക് നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമായി . എന്‍സിപി നേതാവും പ്രതിപക്ഷ നേതാവുമായിരുന്ന അജിത് പവാര്‍ ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ ഒപ്പം നിര്‍ത്തിയാണ് അജിത് പവാറിന്റെ നിര്‍ണായക നീക്കം.
അജിത് പവാറിന്റെ ഔദ്യോഗിക ബംഗ്ലാവായ ദേവഗിരിയില്‍ നടന്ന യോഗത്തില്‍ 30 മുതല്‍ 40 വരെ എംഎല്‍എമാര്‍ പങ്കെടുത്തു. അജിത്ത് പവാര്‍ ബിജെപിയില്‍ ചേരുമെന്ന് നേരത്തേയും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അതെല്ലാം തള്ളി പിന്നീട് അജിത് പവാര്‍ തന്നെ രംഗത്തെത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.