ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശ പ്രകടിപ്പിച്ച് ശോഭ സുരേന്ദ്രന്. ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ തനിക്ക് സ്ഥാനമുണ്ട്. പഞ്ചായത്തംഗം പോലുമില്ലാത്ത കാലത്ത് താന്‍ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചു. പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത കാലത്ത് കമ്മ്യൂണിസ്റ്റ് കോട്ട കൊത്തളങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ കുറെ നാളുകളായി പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയില്‍ തുടരുന്ന ശോഭ സുരേന്ദ്രന് പരസ്യമായാണ് ഇന്ന് നേതൃത്വത്തെ കുറ്റപ്പെടുത്തിയത്. ‘കേരളത്തിലെ ജനങ്ങളുടെ മനസില്‍ ആര്‍ക്ക് ഏത് പദവി നല്‍കണമെന്നത് സംബന്ധിച്ച് ഒരു തീരുമാനമുണ്ട്. ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു. എനിക്ക് അവരുടെ കോര്‍ കമ്മിറ്റിയില്‍ സ്ഥാനമുണ്ട്. സംഘടനയുടെ ചുമതലയില്‍ നിന്ന് പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ജോലിയും ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്. എന്നാല്‍ പ്രവര്‍ത്തനത്തിന് അവസരം നല്‍കേണ്ടത് പാര്‍ട്ടി അധ്യക്ഷന്‍’ ശോഭ സുരേന്ദ്രന് പറഞ്ഞു.
സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ വരുന്നതില്‍ സന്തോഷമുണ്ടെന്നും ശോഭാ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കേണ്ടത് അധ്യക്ഷനാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കുന്നുവെന്ന ആരോപണം ശോഭാ തള്ളി . ദില്ലിയില്‍ ഗവര്‍ണറുമായി ശോഭ സുരേന്ദ്രന് കൂടിക്കാഴ്ച്ച നടത്തി. സ്വപ്ന സുരേഷ് മന്ത്രിമാര്‍ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച. മുന്‍ മന്ത്രിമാര്‍ക്കെതിരായ സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ ശോഭ സുരേന്ദ്രന് ദേശീയ വനിത കമ്മീഷനും വനിത ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനിക്കും പരാതി നല്‍കിയിട്ടുമുണ്ട്.