തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും പിഎസ്‌സി കോൺസ്റ്റബിൾ പരീക്ഷയുടെ റാങ്ക് പട്ടികയിൽ കയറി പറ്റിയത് കോപ്പിയടിച്ചാണെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ തെളിഞ്ഞു. റാങ്ക് പട്ടികയിൽ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 28-ാം റാങ്കുമായിരുന്നു. ജയിലിൽ അഞ്ച് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ഒടുവിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്

തുടക്കത്തിൽ പഠിച്ചാണ് ജയിച്ചതെന്ന നിലപാടിൽ ഇരുവരും ഉറച്ചു നിന്നു. എന്നാൽ പിഎസ്‌സി ചോദ്യക്കടലാസിലെ ഓരോ ചോദ്യങ്ങളും അന്വേഷണസംഘം പ്രതികളോട് ചോദിച്ചെങ്കിലും ഒന്നിനും ശരിയുത്തരം നൽകാൻ പ്രതികൾക്ക് സാധിച്ചില്ല. ഇതോടെ അടുത്തിരുന്ന ആളുകളുടെ ഉത്തരക്കടലാസ് നോക്കിയാണ് എഴുതിയതെന്ന് സമ്മതിച്ചു.

Also Read: പിഎസ്‌സി പരീക്ഷാ ക്രമക്കേട്; സന്ദേശങ്ങള്‍ അയച്ചത് പൊലീസുകാരൻ

എന്നാൽ അടുത്തിരുന്നവരുടെ പട്ടിക കാണിച്ച അന്വേഷണസംഘം ഇതിൽ ആരും റാങ്ക് പട്ടികയിൽ വന്നിട്ടില്ലെന്ന് പറഞ്ഞു. ഇതിന് ശിവരഞ്ജിത്തിന് മറുപടിയില്ലായിരുന്നു. അതേസമയം തന്റെ വാദത്തിൽ ഉറച്ച് നിന്ന നസീം അവർ എന്തുകൊണ്ടാണ് വരാത്തതെന്ന് അറിയില്ലെന്ന് വ്യക്തമാക്കി.

പരീക്ഷ എഴുതിയ ഒന്നേകാൽ മണിക്കൂറിനിടെ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും രണ്ടാം റാങ്കുകാരനായ പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പിഎസ്‍സിയുടെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് അതു പതിവായി വരുന്ന എസ്എംഎസാണെന്നായിരുന്നു മറുപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.