കൊച്ചി: ഞെട്ടൽ വിട്ടുമാറിയിട്ടില്ല നരേൻ സർക്കാരിനും എഡ്വിനും. നടുക്കടലിൽ മരണക്കയത്തിൽ നിന്ന് ആരോ നീട്ടിയ കൈപ്പിടിയിൽ ജീവിതത്തിലേക്ക് തിരികെ വന്നവർ. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ കൊച്ചി മുനമ്പം തീരത്ത് നിന്ന് 24 നോട്ടിക്കൽ മൈൽ അകലെ, കടലിൽ കപ്പലിടിച്ച് തകർന്ന ബോട്ടിൽ നിന്ന് രക്ഷപ്പെട്ടവരാണിവർ.

എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുവരും ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിച്ചു. ആ രാത്രിയെ ഓർക്കുമ്പോൾ നരേനിപ്പോഴും വിറയ്ക്കുന്നുണ്ട്. തൊഴിൽ തേടിയാണ് കൊൽക്കത്തയിൽ നിന്ന് നരേൻ കേരളത്തിലേയ്ക്ക് വന്നത്. മത്സ്യബന്ധനമായിരുന്നു തൊഴിൽ. പിന്നീട് കുളച്ചലിലേക്ക് പോയി. അവിടെയായി താമസം. ഇപ്പോൾ ബംഗാളിയേക്കാളും മലയാളത്തേക്കാളും തമിഴ് വഴങ്ങും ഈ യുവാവിന്.
എങ്ങിനെ ജീവിതത്തിലേക്ക് തിരികെ നീന്തിക്കയറിയെന്ന് നരേന് ഓർമ്മയുണ്ട്. “രാത്രി എത്ര സമയമായിരുന്നുവെന്ന് അറിയില്ല. ആ നേരം ബോട്ടിന്റെ ഡ്രൈവർ മാത്രമാണ് ഉണർന്നിരുന്നത്. ഞങ്ങൾ അകത്ത് കിടന്നുറങ്ങുകയായിരുന്നു. അപ്പോഴാണ് ആരോ അലറിവിളിച്ചത്. അത് മാത്രമാണ് ഓർമ്മ. എന്താണ് സംഭവിച്ചതെന്ന് അറിയും മുൻപേ ആ കപ്പൽ ബോട്ടിനെ ഇടിച്ചു. തലകീഴായി മറിഞ്ഞ് ബോട്ട് വെളളത്തിൽ മുങ്ങി,” നരേൻ വിശദീകരിച്ചു.
“ഞാൻ പുറത്തേക്ക് നീന്താൻ ആണ് ശ്രമിച്ചത്. രണ്ട് തവണ മുകളിലേക്ക് ഉയർന്നപ്പോഴും തല മുകളിൽ എവിടെയോ ചെന്നിടിച്ചു. രക്ഷപ്പെടാൻ എന്താണ് അടുത്ത വഴിയെന്ന് ചിന്തിച്ചത് അപ്പോഴാണ്. കടലിൽ ചന്ദ്രന്റെ വെട്ടം കാണാമായിരുന്നു. ആ വെളിച്ചത്തിലാണ് പിന്നെ ഞാൻ നീന്തിയത്. മുകളിലേയ്ക്ക് എത്തിയപ്പോൾ ഒരു മരത്തടി കിട്ടി. അതിൽ ചേർന്ന് പിടിച്ച് കിടന്നു. ഏതോ ഒരു ബോട്ട് കുറച്ച് സമയം കഴിഞ്ഞപ്പോൾ രക്ഷയ്ക്ക് എത്തി. അവരെന്നെ കടലിൽ നിന്ന് വലിച്ചുകയറ്റി,” അതിന് ശേഷം എന്ത് സംഭവിച്ചുവെന്ന് അറിയില്ല, നരേൻ പറഞ്ഞു.

എന്നാൽ നരേനെ രക്ഷിച്ച സമയത്ത് തന്നെ ആ മത്സ്യത്തൊഴിലാളികൾ തന്നെ കണ്ടില്ലെന്നാണ് കുളച്ചലിലെ രാമന്തുറൈ സ്വദേശിയായ എഡ്വിൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞത്. “ബോട്ടിന്റെ അകത്ത് നിന്നും പുറത്തേയ്ക്ക് കടക്കുന്ന വാതിലിനോട് ചേർന്നാണ് ഞാൻ കിടന്നിരുന്നത്. കപ്പൽ ഇടിച്ചപ്പോൾ ഞാൻ പുറത്തേക്ക് തെറിച്ചു. ഈ സമയത്ത് കാൽ എവിടെയോ ഇടിച്ചു. വേദന കടിച്ചമർത്തിയാണ് ഞാൻ മുകളിലേക്ക് നീന്തിയത്. ജീവിക്കുമോ മരിക്കുമോ എന്നൊന്നും അറിയില്ലായിരുന്നു. കാൽ മുറിഞ്ഞതോടെ നീന്താൻ പറ്റാതായി. കിട്ടിയ ഏതോ മരത്തടി മുറുകെ പിടിച്ച് വെളളത്തിൽ കിടന്നു. ബോധമുണ്ടായിരുന്നു, നരേനെ രക്ഷിച്ച് കഴിഞ്ഞിട്ടും ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞാണ് എന്നെ കണ്ടെത്തിയത്. മരിക്കും എന്ന് കരുതിയതാണ്.” എഡ്വിൻ പറഞ്ഞു.
മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടുണ്ട് എഡ്വിനിപ്പോൾ. ഇടതുകാലിന് ഒടിവുണ്ട്. ഡീസൽ കലർന്ന വെളളം കുടിച്ചതിന്റെ ബുദ്ധിമുട്ട് പൂർണ്ണമായും വിട്ടുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടവിവരമറിഞ്ഞ് എഡ്വിന്റെ ഭാര്യ അൽഫോൺസ ഇന്ന് പുലർച്ചെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിയിരുന്നു. നരേൻ സർക്കാരിന് ഒപ്പം അനുജൻ രാജു സർക്കാരാണ് ആശുപത്രിയിലുളളത്.
ചെറുപ്പത്തിലേ മത്സ്യബന്ധനം തൊഴിലാക്കിയതാണ് എഡ്വിൻ. രണ്ട് വർഷം മുൻപാണ് ഓഷ്യാന എന്ന ബോട്ടിൽ ജോലിക്ക് കയറിയത്. തിങ്കളാഴ്ച മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ എഡ്വിന്റെ അടുത്ത ബന്ധുക്കളായ ഏഴ് പേർ ഉണ്ടായിരുന്നു. അവരിൽ മൂന്ന് പേരുടെ മൃതദേഹം ആദ്യ ദിവസം തന്നെ കണ്ടെടുത്തു. സഖാരാജ്, യാക്കോബ്, യുഗനാഥൻ എന്നിവരുടെ മൃതദേഹമാണ് ലഭിച്ചത്.

അപകടത്തിൽ മരിച്ച യുഗനാഥന് മൂന്ന് പെൺമക്കളാണ്. ദിനേശനും, യുഗനാഥനും, എഡ്വിനും യേശുബാലനും സാലുവും, രാജേഷും, പോൾസണും യാക്കോബുമാണ് അടുത്ത ബന്ധുക്കൾ. ഇവരിൽ യാക്കോബിന്റെയും യുഗനാഥന്റെയും മൃതദേഹം ലഭിച്ചപ്പോൾ എഡ്വിനെ മാത്രമാണ് ഇതുവരെ രക്ഷിക്കാൻ സാധിച്ചത്. മറ്റുളളവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തമിഴ്നാട്ടിലെ രാമന്തുറൈ സ്വദേശികളാണ് ഇവരെല്ലാവരും. ഒരു നാടിനെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ് ഈ ദുരന്തം.
എറണാകുളം മാല്യങ്കര സ്വദേശി ഷിജുവായിരുന്നു ബോട്ടിന്റെ ഡ്രൈവർ. 14 അംഗ സംഘത്തിലുണ്ടായിരുന്ന ഏക മലയാളി ഇയാളായിരുന്നു. ഷിജുവിന് പുറമെ, സഖാരാജ്, ഷിജു, ബികാസ് ദാസ്, ദിനേശൻ, യേശുബാലൻ, സാലു, രാജേഷ്, പോൾസൺ എന്നിവരെ കണ്ടെത്താനുണ്ട്.