/indian-express-malayalam/media/media_files/uploads/2018/02/26221102_997729020403721_7938350820283939200_o.jpg)
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ ആള്‍കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ ഉടുത്തുരുങ്ങിയ സമൂഹത്തെ വിമര്‍ശിക്കുകയാണ് കഥാകാരനായ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്. കാരുണ്യത്തെപ്പറ്റി നമ്മുടെ സങ്കല്‍പ്പമെന്താണ് എന്നാരായുന്ന ഹൃദയഭേദ്യമായ കുറിപ്പില്‍ ഓരോ പദവും ആത്മപരിശോധന ആവശ്യപ്പെടുന്ന കാലം ഇത്രമേൽ ഉണ്ടായിട്ടില്ല എന്നും എഴുത്തുകാരന്‍ ഓര്‍മിപ്പിക്കുന്നു.
ഇത്രമേൽ തെറ്റി വായിക്കൽ മുമ്പെങ്ങുമുണ്ടായിട്ടില്ല എന്ന് പറഞ്ഞ ശിഹാബുദ്ധീന്‍, കാരുണ്യമില്ലാത്ത വിദ്യാസമ്പന്നനാണ് വിവരദോഷി എന്നും കാരുണ്യമില്ലാത്ത സമ്പന്നനാണ് എരപ്പാളി എന്നും കരുണയുടെ ശ്വാസോച്ഛാസമില്ലാത്തവനെയാണ് ശവം എന്നു വിളിക്കേണ്ടത് എന്നും പറഞ്ഞു. ദേവാലയങ്ങളിൽ നിന്നോ സ്കൂളില്‍ നിന്നോ കക്ഷിരാഷ്ട്രീയക്കാരില്‍ നിന്നോ നമ്മള്‍ കാരുണ്യത്തെക്കുറിച്ച് പ്രായോഗികമായി പഠിപ്പിക്കുന്നുണ്ടോ എന്നാണ് കഥാകാരന്‍ ഉയര്‍ത്തുന്ന മറ്റൊരു ചോദ്യം.
കുറിപ്പിന്‍റെ പൂര്‍ണരൂപം :
വയനാട്ടിലെ സുഹൃത്ത് പറഞ്ഞതാണ്.
മുത്തങ്ങ വഴിയൊക്കെ വാഹനമോടിച്ചു പോകുമ്പോൾ സ്വദേശി ടൂറിസ്റ്റുകളായ ചില യുവകോമളന്മാർ ഒറ്റയ്ക്ക് നടന്നു പോകുന്ന ആദിവാസി ചെറുപ്പക്കാരെ വെറുതെ ഉപദ്രവിച്ച് രസിക്കുമത്രേ.
ഇനി ചില സംശയങ്ങൾ:
,കാരുണ്യത്തെപ്പറ്റി നമ്മുടെ സങ്കല്പമെന്താണ്? നമുക്ക് സത്യമായും അങ്ങനെ വല്ലതുമുണ്ടോ? എവിടെ നിന്നെങ്കിലും നമ്മിൽ അത് സ്വാഭാവികമായി വന്നു ചേരുന്നുണ്ടോ?
ദേവാലയങ്ങളിൽ നിന്ന് അത് പ്രായോഗികമായി പഠിപ്പിക്കുന്നുണ്ടോ? മതാതീതമായ കാരുണ്യത്തെപ്പറ്റി അതിന് പഠിപ്പിക്കാൻ കഴിയുന്നുണ്ടോ?
വീട്ടിൽ നിന്ന് കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നുണ്ടോ?അന്യവീട്ടിലെ മനുഷ്യർ ഈ വീട്ടിലേത് പോലെയാണെന്ന് സ്വന്തം മക്കളോട് പറഞ്ഞു കൊടുക്കുന്നുണ്ടോ?
സ്ക്കൂളിൽ നിന്നു് പഠിപ്പിക്കുന്നുണ്ടോ? അതിനുള്ള സത്യമായുമുള്ള എന്ത് മെറ്റീരിയലാണ് അവിടെയുള്ളത്? അപൂർവ്വം നല്ല അധ്യാപകരൊഴികെ ?
കക്ഷിരാഷ്ട്രീയക്കാർ അനുയായികളെ പഠിപ്പിക്കുന്നുണ്ടോ?
പഠിപ്പിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കാണാപാഠം പഠിപ്പിക്കലല്ല.
കാണാപാഠം പഠിക്കലിൽ കാഴ്ചയില്ല.
ഹൃദയം ചെന്ന് ബുദ്ധിയെ പഠിപ്പിക്കണം
വീട്ടിൽ നിന്ന് അതിനു അവസരം കിട്ടാത്തവരെയാണ് യഥാർത്ഥത്തിൽ നാം തന്തയില്ലാത്ത സന്തതികൾ എന്ന് വിളിക്കേണ്ടത്.
മതത്തിൽ വിശ്വസിക്കാത്തവനെയല്ല, എന്തിന്റെ പേരിലുമായിക്കൊള്ളട്ടെ , കാരുണ്യത്തിൽ വിശ്വസിക്കാത്തവരെയാണ് അവിശ്വാസിയെന്നു വിളിക്കേണ്ടത്.
കാരുണ്യമില്ലാത്ത വിദ്യാസമ്പന്നനാണ് വിവരദോഷി .
കാരുണ്യമില്ലാത്ത സമ്പന്നനാണ് എരപ്പാളി.
കരുണയുടെ ശ്വാസോച്ഛാസമില്ലാത്തവനെയാണ് ശവം എന്നു വിളിക്കേണ്ടത്.
ഓരോ പദവും ആത്മപരിശോധന ആവശ്യപ്പെടുന്ന കാലം ഇത്രമേൽ ഉണ്ടായിട്ടില്ല.
ഇത്രമേൽ തെറ്റി വായിക്കൽ മുമ്പെങ്ങുമുണ്ടായിട്ടില്ല.
ഇത്രമേൽ ഉടുത്തൊരുങ്ങിയ വൃത്തി മറ്റൊരിക്കലുമുണ്ടായിട്ടില്ല.
ഹൃദയവും ബുദ്ധിയും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. എല്ലാ വാക്കുകളും അർത്ഥ സംപ്രേഷണം നിലച്ച് ഭിക്ഷാടനത്തിനിറങ്ങിയിരിക്കുന്നു.
ഒറ്റയ്ക്കിരുന്ന് കരയുന്ന ഏകാകികൾ വർധിച്ചിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us