ഷിഗല്ല: രോഗലക്ഷണം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 50 കടന്നു; നിയന്ത്രണത്തിലാക്കിയതായി ആരോഗ്യവകുപ്പ്

കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചത്

health department, ആരോഗ്യവകുപ്പ്, kerala news, shigella, ഷിഗെല്ല, ഷിഗല്ല, bacteria, ബാക്ടീരിയ, Kozhikode, കോഴിക്കോട്, iemalayalam, ഐഇ മലയാളം

കോഴിക്കോട്: ജില്ലയിൽ ഷി​ഗല്ല രോ​ഗലക്ഷണം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം അൻപത് കടന്നു. ഇതേ തുടർന്ന് അതീവ ജാ​ഗ്രതാ നിർദേശവുമായി ആരോ​ഗ്യവകുപ്പ് രം​ഗത്തെത്തി. വീടുകൾ കയറിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. രോ​ഗം പടർന്നുപിടിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.

അതേസമയം കോര്‍പ്പറേഷന്‍ പ്രദേശത്ത് കണ്ടെത്തിയ ഷിഗല്ല രോഗം മികച്ച പ്രതിരോധ നടപടികളിലൂടെ നിയന്ത്രണത്തിലാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം റിപ്പോര്‍ട്ടു ചെയ്ത ഉടന്‍ തന്നെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ സര്‍വ്വൈലന്‍സ് സംഘം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ പ്രതിരോധ നടപടികള്‍ കൈകൊളളുകയും, കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍, മെഡിക്കല്‍ ക്യാമ്പ്, ആക്ടീവ് കേസ് സെര്‍ച്ച്, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുകയും ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷി​ഗല്ല ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷി​ഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ശനിയാഴ്ച കോട്ടാംപറമ്പില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.

Read More: ‘ഷിഗല്ല’ രോഗ ലക്ഷണങ്ങളും, പ്രതിരോധ മാർഗങ്ങളും; അറിയേണ്ടതെല്ലാം

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഷി​ഗല്ല സ്ഥിരീകരിച്ചത്. തുടക്കത്തിൽ അഞ്ച് പേർക്കായിരുന്നു രോ​ഗലക്ഷണം. പിന്നീട് കൂടുതൽ പേർക്ക് രോ​ഗലക്ഷണം കണ്ടെത്തുകയായിരുന്നു. മനുഷ്യ വിസര്‍ജ്ജ്യത്തില്‍ നിന്നാണ് രോഗവാഹകരായ ബാക്ടീരിയ വെള്ളത്തിൽ കലരുന്നത്.

മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ വളരെ വേഗം ഷി​ഗല്ല പടരും. വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എല്ലാ ഷി​ഗല്ല രോ​ഗികൾക്കും രോ​ഗലക്ഷങ്ങൾ കാണണമെന്നില്ല. ഷി​ഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോ​ഗലക്ഷണങ്ങൾ കണ്ട് തുടങ്ങുക.

രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.

Web Title: Shigella symptoms in 50 in calicut

Next Story
നടിയെ അപമാനിച്ച സംഭവം: പ്രതികൾ കസ്റ്റഡിയിൽMolestation
The moderation of comments is automated and not cleared manually by malayalam.indianexpress.com