തന്നെ കുറിച്ച് വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഗള്‍ഫ് വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവര്‍ത്തകനും ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ഉടമയുമായ ഡോ. കെ.ടി. റബീഉല്ല. ബിസിനസിലെ ആഭ്യന്തര പ്രശ്‌നവുമായി ബന്ധപ്പെട്ട് വീട്ടുതടങ്കലിലാണ് റബീഉള്ളയെന്നുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി അദേഹം ഫേസ്ബുക്ക് ലൈവിലെത്തി പ്രതികരിക്കുകയായിരുന്നു.

ഡോക്​ടർമാരുടെ നിർദേശാനുസരണം ഫോൺ ഉപയോഗം കുറച്ചും സാമൂഹിക മാധ്യമങ്ങളിൽ നിന്ന്​ റബീഉല്ല വിട്ടു നിന്നത്. ചികിത്സയിൽ കഴിഞ്ഞു വന്ന അദ്ദേഹം വ്യാജ പ്രചാരണങ്ങൾ അതിരുവിട്ടതോടെയാണ്​ വീഡിയോ സന്ദേശത്തിലൂടെ താൻ വീട്ടിൽ തന്നെയുണ്ടെന്ന വിവരം വ്യക്​തമാക്കിയത്​.

മകനും ചെറുമക്കൾക്കുമൊപ്പം വീട്ടിൽ തന്നെയുണ്ടെന്നും ചികിത്സ പൂർത്തിയാക്കിയ ശേഷം ഗൾഫിലെ പ്രവർത്തനങ്ങളിലേക്ക്​ മടങ്ങിയെത്തുമെന്നും​ അദ്ദേഹം സന്ദേശത്തിൽ അറിയിച്ചു. റബീഉല്ലയുടെ ബന്ധുക്കളെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു.

വീഡിയോക്കൊപ്പം റബീഉല്ല കുറിച്ച വാക്കുകൾ:

‘എന്നെ ഏറെ സ്നേഹിക്കുന്ന പ്രിയ സഹോദരന്മാരേ അസ്സലാമു അലൈകും.

ബിസിനസ് തിരക്കുകളിലും യാത്രകളിലും ആയിരുന്ന ഞാൻ ഡോകട്ർമാർ പറഞ്ഞതനുസരിച്ചു എല്ലാത്തിനും ഒരു താൽക്കാലിക അവധി നൽകി ചെറിയ ഒരു ചികിത്സയിൽ ആയിരുന്നു, ഇപ്പോൾ എന്റെ കുടുംബത്തോടും കൊച്ചു മക്കളോടും ഒത്ത്‌ ഈസ്​റ്റ്​ കോഡൂരിലെ വീട്ടിൽ എല്ലാ വിധ ഔദ്യോഗിക തിരക്കുകളും മാറ്റി വച്ച് വിശ്രമത്തിൽ ആണ് , കുറച്ചു നാൾ കൂടി വിശ്രമം ആവശ്യമാണ്….

പൊതുരംഗത്ത്​ നിന്നും സാമൂഹിക മാധ്യമങ്ങളിൽ നിന്നും വിട്ടു നികേണ്ടി വന്നുവെങ്കിലും നിങ്ങളുടെ എല്ലാം സ്നേഹം മനസ്സിലാക്കിത്തരാൻ അത് കാരണമായതിൽ സന്തോഷം ഉണ്ട്, ദൈവത്തിനു സ്തുതി.

​നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാർഥനയും പിന്തുണയും അഭ്യർഥിക്കുന്നു.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ