കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പാലായില്‍ നിന്നുള്ള നിയുക്ത എംഎല്‍എ മാണി സി.കാപ്പന്‍ സിബിഐക്കു മൊഴി നല്‍കിയെന്ന ആരോപണവുമായി ആര്‍എസ്‌പി നേതാവ് ഷിബു ബേബിജോണ്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രേഖകള്‍ പുറത്തുവിട്ടാണ് ഷിബു ബേബിജോണിന്റെ ആരോപണം.

കണ്ണൂര്‍ വിമാനത്താവളം സംബന്ധിച്ച വിഷയത്തിലാണ് മാണി സി.കാപ്പന്‍ കോടിയേരി ബാലകൃഷ്ണനെതിരെ മൊഴി നല്‍കിയതെന്നും മൊഴിയില്‍ കാപ്പന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നും ഷിബു ബേബിജോണ്‍ ചോദിക്കുന്നു.

കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടു കോടിയേരിക്കും മകൻ ബിനീഷ് കോടിയേരിക്കും മുംബൈ മലയാളി ദിനേശ് മേനോൻ പണം നൽകിയെന്നു സൂചിപ്പിക്കുന്ന മാണി സി. കാപ്പന്റെ മൊഴിയുടെ പകർപ്പാണു ഷിബു ബേബിജോൺ പുറത്തുവിട്ടത്.

ഷിബു ബേബിജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ: ‘മാണി സി. കാപ്പൻ 3.5 കോടി രൂപ തട്ടിയെടുത്തെന്നു മുംബൈ മലയാളി വ്യവസായി ദിനേശ് മേനോൻ സിബിഐക്കു പരാതി നൽകിയിരുന്നു. സിബിഐയുടെ ചോദ്യങ്ങൾക്കു നൽകിയ മറുപടിയിൽ മാണി സി.കാപ്പൻ പറയുന്നത്-“കണ്ണൂർ എയർപോർട്ട് ഷെയറുകൾ വിതരണം ചെയ്യാൻ പോകുമ്പോൾ, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകൻ ബിനീഷിനെയും പരിചയപ്പെടണം, ഞാൻ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുത്തശേഷം ദിനേശ് മേനോൻ എന്നോട് പറഞ്ഞപ്പോഴാണു ചില പേയ്‌മെന്റുകൾ ദിനേശ് മേനോൻ നടത്തിയെന്ന് ഞാൻ മനസ്സിലാക്കിയത്.”

ഇക്കാര്യത്തിൽ നിജസ്ഥിതി അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ഷിബു ബേബിജോൺ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. എന്നാൽ, ആരോപണങ്ങൾ മാണി സി.കാപ്പൻ നിഷേധിച്ചു. കോടിയേരിക്കെതിരെ താൻ മൊഴി നൽകിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് സമയത്ത് ഉന്നയിക്കുന്ന ആരോപണമാണിതെന്നും മാണി സി.കാപ്പൻ പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.