scorecardresearch

'ഷെന്‍ ഹുവ 15' വിഴിഞ്ഞത്ത് നങ്കൂരമിട്ടു; ഇന്ത്യയുടെ ആദ്യത്തെ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖം 6 മാസത്തിനകം യാഥാർത്ഥ്യമാകും

2024 മെയ് മാസത്തിലാകും വിഴിഞ്ഞം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖത്തിന്റെ കമ്മീഷനിങ്

2024 മെയ് മാസത്തിലാകും വിഴിഞ്ഞം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖത്തിന്റെ കമ്മീഷനിങ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vizhinjam | Container transhipment port | first Ship

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ ജോലികൾ പുരോഗമിക്കുന്നു | ഫൊട്ടോ: X/ PORT OF TRIVANDRUM Screen grab

ഇന്ത്യയുടെ ആദ്യത്തെ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖം എന്ന സ്വപ്നത്തിലേക്ക് നങ്കൂരമിട്ട് വിഴിഞ്ഞം. ചൈനയിൽ നിന്നുള്ള 'ഷെന്‍ ഹുവ 15' എന്ന കൂറ്റൻ മദർ ഷിപ്പ് ഇന്ന് രാവിലെ 10.30 ഓടെയാണ് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടത്. വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ ഒരു ഷിപ്പ് ടു ഷോര്‍ ക്രെയ്ന്‍, രണ്ട് യാര്‍ഡ് ക്രെയിനുകള്‍ എന്നിവയുമായാണ് 'ഷെന്‍ ഹുവ 15' എത്തുന്നത്.

Advertisment

തുറമുഖത്തിനുള്ളിലെ കണ്ടെയ്‌നര്‍ നീക്കത്തിന് വേണ്ടിയാണ് യാര്‍ഡ് ക്രെയ്‌നുകള്‍ ഉപയോഗിക്കുന്നത്. ക്രെയ്‌നുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ പിന്നെ 6 മാസം പരീക്ഷണ കാലമാണ്. ഷാന്‍ഗായ് പിഎംസിക്കാണ് ഇക്കാലളവില്‍ ക്രെയ്‌നുകളുടെ പ്രവര്‍ത്തനച്ചുമതല. പിന്നീട് അദാനി ഗ്രൂപ്പ് ഓപ്പറേഷന്‍ ചുമതല ഏറ്റെടുക്കും. 600 ജീവനക്കാര്‍ തുറമുഖത്ത് ഉണ്ടാകും.

കമ്മീഷനിങ്ങോടെ സുരക്ഷാ ചുമതല സിഐഎസ്എഫ് ഏറ്റെടുക്കും. 2024 മെയ് മാസത്തിലാകും വിഴിഞ്ഞം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖത്തിന്റെ കമ്മീഷനിങ്. പിന്നാലെ കൂടുതൽ വലിയ ചരക്ക് കപ്പലുകള്‍ വിഴിഞ്ഞത്തേക്ക് എത്തും. നിലവിൽ കണ്ടെയ്‌നര്‍ ബെര്‍ത്തിന്റെ നിര്‍മാണം 73 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. യാര്‍ഡ് ബെര്‍ത്ത് നിര്‍മാണം 34 ശതമാനം പൂർത്തിയായി. പുലിമുട്ട് നിര്‍മാണം 53 ശതമാനം പൂർത്തിയായി.

ആഴക്കടലിലെ ഡ്രെഡ്ജിങ് ഇതിനേക്കാൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. നിലവിൽ 65 ശതമാനം ഡ്രെഡ്ജിങ് ജോലികൾ പൂർത്തിയായി. അതേസമയം, തുറമുഖ പ്രവര്‍ത്തനത്തിന് വേണ്ട 39 ശതമാനം കെട്ടിടങ്ങൾ മാത്രമാണ് ഇതിനോടകം സജ്ജമായിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ വിഴിഞ്ഞത്ത് ഒരേ സമയം രണ്ട് കൂറ്റന്‍ മദര്‍ ഷിപ്പുകള്‍ക്ക് വരെ നങ്കൂരമിടാനുള്ള സൌകര്യമുണ്ടാകും.

Advertisment

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായാലുള്ള നേട്ടങ്ങൾ ഇവയാണ്

നിലവിൽ 14,000 മുതല്‍ 20,000 കണ്ടെയ്‌നറുകളുമായി രാജ്യത്തേക്ക് എത്തുന്ന മദര്‍ഷിപ്പുകള്‍ക്ക്, ഇന്ത്യയിൽ ഒരു തുറമുഖത്തും നങ്കൂരമിടാനുള്ള സൌകര്യമില്ല. കൊളംബോ, സലാല, സിംഗപ്പൂര്‍ എന്നീ തുറമുഖങ്ങളിലാണ് ഇപ്പോള്‍ ഈ കപ്പലുകള്‍ നങ്കൂരമിടുന്നത്. അവിടെ നിന്ന് ചെറിയ ഫീഡര്‍ കപ്പലുകളില്‍ ചരക്ക് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് എത്തിക്കാറാണ് പതിവ്. ഇതിലൂടെ ഇന്ത്യൻ വിപണിക്ക് വൻതോതിൽ സമയവും പണവും നഷ്ടമാകാറുണ്ട്.

6 മാസത്തിനകം വിഴിഞ്ഞം യാഥാർത്ഥ്യമാകുന്നതോടെ മദര്‍ഷിപ്പുകള്‍ക്ക് ഇന്ത്യന്‍ തീരത്ത് തന്നെ നങ്കൂരമിടാനാകും. നിലവിൽ വിഴിഞ്ഞം തുറമുഖ പ്രദേശത്ത് കടലിന് 20 അടി ആഴമുണ്ട്. അന്താരാഷ്ട്ര കപ്പല്‍ ചാനലാകട്ടെ വെറും 10 നോട്ടിക്കല്‍ മൈല്‍ അകലെയുമാണ്. ചൈനയെക്കോളും മികച്ച ലോജിസ്റ്റിക്ക് സംവിധാനമാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയ്ക്ക് സ്വന്തമാകുന്നത്.

2015 ഓഗസ്റ്റ് 17 ന് അന്നത്തെ സര്‍ക്കാര്‍ കരാര്‍ ഒപ്പ് വെച്ചു. 2017 ജൂണില്‍ ബര്‍ത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം നടത്തി. പ്രകൃതിദുരന്തങ്ങളും, മഹാമാരിയും പദ്ധതി പ്രവര്‍ത്തനത്തെ ചെറിയ തോതിൽ ബാധിച്ചു.

അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് കേവലം 11 നോട്ടിക്കല്‍ മൈല്‍ അടുത്തും, പ്രകൃതി ദത്തമായ 20 മീറ്റര്‍ സ്വാഭാവിക ആഴവുമുള്ളതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. 400 മീറ്റര്‍ നീളമുള്ള 5 ബര്‍ത്തുകളും 3 കിലോമീറ്റര്‍ നീളമുള്ള പുലിമുട്ടും അടങ്ങിയ പദ്ധതിയാണിത്. ആദ്യ ഘട്ടത്തില്‍ 400 മീറ്റര്‍ ബര്‍ത്ത് പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് നൂറടി ഉയരമുള്ള പടുകൂറ്റന്‍ ക്രെയിനുമായി ലോഡ് കാരിയര്‍ ഷിപ്പ് ഞായറാഴ്ച വിഴിഞ്ഞത്ത് എത്തുന്നത്. ആദ്യ ഫേസ് പൂര്‍ത്തിയാവുന്നതോടെ പ്രതിവര്‍ഷം 10 ലക്ഷം ടി.ഇ.യു കണ്ടൈനര്‍ കൈകാര്യം ചെയ്യുവാന്‍ കഴിയുമന്നാണ് പ്രതീക്ഷിക്കുന്നത്.

2021 ല്‍ പുലിമുട്ടിന്‍റെ നീളം ലാന്‍റ് മോഡില്‍, കേവലം 650 മീറ്റര്‍ മാത്രമാണ് ഭാഗികമായി തയ്യാറാക്കുവാന്‍ സാധിച്ചിരുന്നത്. പദ്ധതിക്കാവശ്യമായ പാറയുടെ ലഭ്യത പ്രതിസന്ധിയായി. പരിഹാരം കണ്ടെത്താന്‍ കൃത്യമായ പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കി. പദ്ധതി പ്രദേശത്തു തന്നെ മാസാന്ത്യ അവലോകനങ്ങള്‍ നടത്തി. ദൈനംദിന അവലോകനത്തിന് പ്രത്യേക മൊബൈല്‍ ആപ്പ് തയ്യറാക്കി. തമിഴ്നാട് സര്‍ക്കാരുമായി, വകുപ്പ് മന്ത്രി ചര്‍ച്ച നടത്തി പാറയുടെ ലഭ്യത ഉറപ്പാക്കി. സംസ്ഥാനത്തെ ക്വാറികളില്‍ നിന്ന് ലഭ്യമാവേണ്ട പാറയും ഉറപ്പാക്കി.

പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കേണ്ട ഓരോ ഘടകങ്ങളും സമയകൃത്യത ഉറപ്പാക്കി ഉദ്ഘാടനം ചെയ്തു. 2022 ജൂണ്‍ 30 ന് ഗ്യാസ് ഇന്‍സുലേറ്റഡ് ഇലക്ട്രിക് സബ് സ്റ്റേഷനും, 2022 ഫെബ്രുവരി 22ന് പ്രധാന സബ് സ്റ്റേഷനും, 2023 ഏപ്രില്‍ 26 ന് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഗേറ്റ് കോംപ്ലക്സും സെക്യൂരിറ്റി കെട്ടിടവും, 2023 മെയ് 16 ന് വര്‍ക്ഷോപ്പ് കെട്ടിടവും ഉദ്ഘാടനം ചെയ്തു.

പുലിമുട്ടിന്‍റെ നിര്‍മ്മാണം അതിവേഗമാണ് പൂര്‍ത്തിയാക്കുവാന്‍ സാധിച്ചത്. 55 ലക്ഷം ടണ്‍ പാറ ഉപയോഗിച്ച് 2960 മീറ്റര്‍ പുലിമുട്ട് നിര്‍മ്മാണം കഴിഞ്ഞു. ഇതില്‍ 2460 മീറ്റര്‍ ആക്രോപോഡ് ഉപയോഗിച്ച് സുരക്ഷിതവുമാക്കി. പുലിമുട്ട് നിര്‍മ്മാണത്തിന്‍റെ 30% പൂര്‍ത്തിയാക്കിയാല്‍ നല്‍കേണ്ട ആദ്യ ഗഡു 450 കോടി രൂപ കമ്പനിക്ക് നല്‍കി കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട 817 കോടി രൂപ ലഭ്യമാക്കുവാനുള്ള തടസ്സങ്ങള്‍ക്ക്, തുറമുഖ വകുപ്പ് മന്ത്രി കേന്ദ്രധന മന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ പരിഹാരമാവുകയാണ്.

വിഴിഞ്ഞം മുതല്‍ ബാലരാമപുരം വരെ 11 കിലോമീറ്റര്‍ റെയില്‍വെ ലൈനിന് കൊങ്കണ്‍ റെയില്‍വെ തയ്യാറാക്കിയ ഡി.പി.ആര്‍ ന് കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

പോര്‍ട്ടിനെ എന്‍ എച്ച് 66 മായി ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിന് ആവശ്യമായ ഭുമി ഏറ്റെടുത്ത് നല്‍കി. ഇതിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. 2000 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാവുന്ന ലോജിസ്റ്റിക് പാര്‍ക്ക്, പദ്ധതി പ്രദേശത്ത് ആരംഭിക്കുവാന്‍ കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതില്‍ പദ്ധതി പ്രദേശത്തുള്ള ആളുകള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് മുന്തിയ പരിഗണന നല്‍കും. 50 കോടി രൂപ ചെലവില്‍ അസാപ്പ് നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി. ഇത് തുറമുഖാധിഷ്ഠിത തൊഴില്‍ പരിശീലനം നല്‍കുന്ന കേന്ദ്രമാക്കി മാറ്റും. 6000 കോടി രൂപ ചെലവഴിച്ച് തയ്യാറാക്കുന്ന ഔട്ടര്‍ റിംഗ് റോഡ് ഈ പദ്ധതിയുടെ കണക്ടിവിറ്റി കൂടുതല്‍ കാര്യക്ഷമമാക്കും.

ഈ വരുന്ന ഞായറാഴ്ച അതായത് ഒക്ടോബര്‍ 15ന് വിഴിഞ്ഞം തുറമുഖത്ത് ഹെവി ലോഡ് കാരിയര്‍ കപ്പലിനെ സ്വീകരിക്കുമ്പോള്‍ നമുടെ നാടിന്‍റെ ഒരു സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമായി എന്ന് നമുക്ക് അഭിമാനിക്കാനാവും. അന്താരാഷ്ട്ര തുറമുഖ ഭൂപടത്തില്‍ കേരളത്തിന് തിളക്കമേറിയ സ്ഥാനം ലഭ്യമാക്കുന്ന ഈ പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു.

Adani Group Vizhinjam Port Kochin Port

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: