റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ വിര്‍ജിന്‍ ഗാലക്റ്റിക്കും ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനും ബഹിരാകാശ ടൂറിസം യാഥാര്‍ത്ഥ്യമാക്കിയതോടെ, മലയാളികളുടെ കണ്ണ് മുഴുവന്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയെന്ന ലോകസഞ്ചാരിയിലേക്കാണ്. 130 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞ, നാല്‍പ്പത്തി ഒന്‍പതുകാരനായ സന്തോഷ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഒരു വര്‍ഷത്തിനുള്ളില്‍ സംഭവിക്കാനിരിക്കുന്ന ബഹിരാകാശ യാത്രയെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനാണ്. ലോകാത്താദ്യമായി ബഹിരാകാശ ടൂറിസം യാഥാര്‍ത്ഥ്യമാക്കിയ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ വിര്‍ജിന്‍ ഗാലക്റ്റിക്കിനൊപ്പമാണു സന്തോഷ് ജോര്‍ജ് കുളങ്ങര ബഹിരാകാശ യാത്ര നടത്തുക. 2007-ല്‍ പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്ത അദ്ദേഹം ബഹിരാകാശ വിനോദസഞ്ചാരിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനാണ്.
ആമസോണ്‍ മഴക്കാടുകളിലേക്കും ഇറാനിലേക്കുമൊക്കെയാണ് മലയാളത്തിന്റെ ലോകസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര സമീപകാലത്ത് നടത്താനിരിക്കുന്ന മറ്റു യാത്രകള്‍. ഈ സ്ഥലങ്ങള്‍ കൂടിയാവുന്നതോടെ, സന്തോഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഭൂമിയിയിലെ വലിയ മേഖലകളുടെ ‘ഒരു സാമ്പിള്‍’ അദ്ദേഹം പൂര്‍ത്തിയാക്കും. സഫാരി ടിവി സ്ഥാപകനും സംസ്ഥാന ആസൂത്രണ ബോര്‍ഡ് പാര്‍ട്ട് ടൈം അംഗവുമായ സന്തോഷ് ജോര്‍ജ് കുളങ്ങര തന്റെ യാത്രകളെക്കുറിച്ചും ബഹിരാകാശ ടൂറിസം സംബന്ധിച്ചും അതിനുവേണ്ടി നടത്തിയ പരിശീലനത്തെക്കുറിച്ചുമെല്ലാം ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് സംസാരിക്കുന്നു.
വിര്‍ജിന്‍ ഗാലക്റ്റിക്കിന്റെ ആദ്യ ബഹിരാകാശ ടൂറിസം യാത്ര നടന്നിരിക്കുന്നു. സന്തോഷ് ജോര്‍ജ് കുളങ്ങര എന്നായിരിക്കും പോകുക?
ഇനി അധികം വൈകില്ല. ഒരു വര്‍ഷത്തിനുള്ളില്‍ യാത്ര സാധ്യമാകുമെന്നാണ് കരുതുന്നത്. യാത്രാ തിയതി ഉടനെ അറിയാനാകുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഡ് സാഹചര്യത്തില്‍ പലര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ടല്ലോ. വിര്‍ജിന്‍ ഗാലക്റ്റിക്കുമായി ഓണ്‍ലൈനില്‍ ഉള്‍പ്പെടെ നിരന്തര സമ്പര്‍ക്കമുണ്ട്. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ റിച്ചാര്‍ഡ് ബ്രാണ്‍സണിന്റെ നേതൃത്വത്തില്‍ യാത്രികരുടെ കൂടിച്ചേരലുകള്‍ അമേരിക്കയില്‍ നടക്കാറുമുണ്ട്.
യാത്രയുടെ തയാറെടുപ്പുകള്‍ എവിടെ വരെയായി?
പരിശീലനങ്ങളൊക്കെ നേരത്തെ പൂര്‍ത്തിയായതാണ്. 2011ലാണ് പരിശീലനം നടന്നത്. 10 വര്‍ഷം പിന്നിട്ടിരിക്കുന്നതിനാല്‍ ഒരു തവണ കൂടി പരിശീലനം വേണ്ടി വരുമോ അതോ മെഡിക്കല്‍ പരിശോധന മാത്രം മതിയാവുമോ എന്നതില്‍ സ്ഥിരീകരണമായിട്ടില്ല. വരും നാളുകളില്‍ അക്കാര്യത്തില്‍ വ്യക്തതയുണ്ടാവും.

എന്തൊക്കെ പരിശീലനങ്ങളാണ് ലഭിച്ചത്?
ബഹിരാകാശ ടൂറിസം യാത്രയില്‍ യാത്രക്കാരൻ വെറുതെ ഇരിക്കുകയെന്നതല്ലാതെ, സാങ്കേതികമായ ഒരു കാര്യവും ചെയ്യേണ്ടതില്ല. അതിനാല്‍ സീറോ ഗ്രാവിറ്റി, ജി-ടോളറന്‍സ് (ഗ്രാവിറ്റി ടോളറന്‍സ്) പരിശീലനങ്ങളാണ് ലഭിച്ചത്. സീറോ ഗ്രാവിറ്റി പരിശീലനം മൂന്നു ദിവസമാണുണ്ടായിരുന്നത്. ഗുരുത്വാകര്‍ഷണം ഇല്ലാത്ത അവസ്ഥ നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളും അത് എങ്ങനെ മറികടക്കാമെന്നതും സംബന്ധിച്ച രണ്ടു ദിവസത്തെ ഗ്രൗണ്ട് ക്ലാസും ഒരു ദിവസത്തെ ഫ്‌ളൈറ്റ് പരിശീലനവുമാണുണ്ടായിരുന്നത്.
സീറോഗ്രാവിറ്റി പരിശീലനത്തിനുവേണ്ടി മാത്രം രൂപകല്‍പ്പന ചെയ്ത പ്രത്യേക വിമാനത്തിലായിരുന്നു പരിശീലനം. അമേരിക്കയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് പറന്നുയരുന്ന വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളില്‍ 45,000 അടി വരെ ഉയരത്തില്‍നിന്നു താഴേക്കു വീഴും. സമുദ്രോപരിതലത്തിനോട് അടുത്തെത്തുമ്പോള്‍ വിമാനം വീണ്ടും കുതിച്ചുയരും. പാരബോളിക് രൂപത്തില്‍ അതായത്, മലയാള അക്ഷരം ‘ഗ’യുടെ രൂപത്തിലാണ് വിമാനം സഞ്ചരിക്കുക.
വിമാനം ഇങ്ങനെ പാരബോളിക് രൂപത്തില്‍ സഞ്ചരിക്കുന്നതോടെ പെട്ടെന്ന് നമുക്ക് ഭാരമില്ലായ്മ അനുഭവപ്പെടും. ബഹിരാകാശത്ത് എത്തുമ്പോഴും തിരിച്ചെത്തുമ്പോഴും ശരീര ഭാരം ആറ് മടങ്ങ് വര്‍ധിക്കും. ഈ അവസ്ഥ നമ്മുടെ ശരീരത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അതു മറികടക്കാന്‍ കഴിയുന്നുണ്ടോയെന്നും മനസിലാക്കാനാണു ജി-ടോളറന്‍സ് പരിശോധന.
എങ്ങനെയാണ് വിര്‍ജിന്‍ ഗാലക്റ്റിക്കിന്റെ ബഹിരാകാശ ടൂറിസം പദ്ധതിയിലേക്ക് എത്തിയത്?
2006ല്‍ ഇംഗ്ലണ്ടില്‍ നടത്തിയ ട്രെയിന്‍ യാത്രയാണ് ബഹിരാകാശ ടൂറിസം യാത്രയിലേക്ക് എന്നെ എത്തിച്ചത്. ലണ്ടനില്‍നിന്ന് ഗ്ലാസ്‌ഗോയിലേക്കുള്ള ട്രെയിനില്‍ മറ്റൊരു യാത്രക്കാരന്‍ സീറ്റില്‍ ഉപേക്ഷിച്ച പത്രം സമയം ചെലവഴിക്കാനായി വായിക്കാനെടുത്തതാണ് വഴിത്തിരിവായത്. ബഹിരാകാശ ടൂറിന് റിച്ചാര്‍ഡ് ബ്രാണ്‍സണ്‍ ആളെ ക്ഷണിക്കുന്നുവെന്ന വാര്‍ത്ത എന്നെ ആകര്‍ഷിച്ചു. ഈ പത്രം വീട്ടിലേക്കു കൊണ്ടുവന്ന ഞാന്‍ തുടര്‍ന്ന് ബ്രാന്‍സണിന്റെ കമ്പനിക്ക് ഇ-മെയില്‍ അയച്ചു. ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് മെയില്‍ ഐഡി കണ്ടുപിടിക്കുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ വിളിച്ചു. ഇന്ത്യയില്‍നിന്ന് ഒരു സഞ്ചാരി എന്നതില്‍ അവര്‍ ആശ്ചര്യഭരിതരായിരുന്നു.

ഞാന്‍ ലോകയാത്രകള്‍ നടത്തുകയും അവ ടെലിവിഷനിലൂടെ കാണിക്കുകയും ചെയ്യുന്ന ഒരാളാണെന്ന് അവരോട് പറഞ്ഞിരുന്നു. മാധ്യമമേഖലയില്‍നിന്ന് ഒരാള്‍ അവരുടെ കൂടെയില്ലെന്നായിരുന്നു മറുപടി. എന്നെ കൊണ്ടുപോകുന്നതിലൂടെ ഞാന്‍ മാത്രമല്ല, ഇന്ത്യയിലെ 130 കോടി ജനങ്ങളും ബഹിരാകാശം കാണുമെന്നായിരുന്നു ഞാന്‍ അവരോട് പറഞ്ഞത്. ഈ തരത്തില്‍ പല ഘട്ടങ്ങളിലായി ടെലിഫോണ്‍ വഴി നടന്ന അഭിമുഖങ്ങള്‍ നടന്നു. തുടര്‍ന്ന് അവര്‍ എഗ്രിമെന്റ് അയച്ചുതന്നു. എഗ്രിമെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത് അല്‍പ്പം സമയം ആവശ്യമുള്ളതായിരുന്നു.
യാത്രയില്‍ ചേരാനും ഫണ്ട് കൈമാറാനും കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നു. ഇതിനായി ആറ്-ഏഴ് മാസം എടുത്തു. ഫണ്ട് കൈമാറ്റത്തിനു റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയപ്പോള്‍, ബഹിരാകാശ യാത്രയെന്നു കണ്ടപ്പോള്‍ അവര്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണണയ്ക്കു വിട്ടു. അപേക്ഷ കുറേക്കാലം പ്രധാനമന്ത്രിയുടെ ഓഫിസില്‍ അനക്കമില്ലാതെ കിടന്നു. ഒടുവില്‍ പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച് ചോദ്യം വന്നതിനെത്തുടര്‍ന്ന് അപേക്ഷ ഐസ്ആര്‍ഒയുടെ പരിഗണനയ്ക്ക് അയച്ചു. ഐസ്ആര്‍ഒ പച്ചക്കൊടി കാണിച്ചതോടെയാണ് അനുമതി ലഭിച്ചത്.

ഒടുവില്‍ 2007 ലാണ് ഇന്ത്യയില്‍നിന്നുള്ള ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റായി ഞാന്‍ വിര്‍ജിന്‍ ഗാലറ്റിക്കിനൊപ്പം ഔദ്യോഗികമായി ചേരുന്നത്. ആദ്യ കാലത്തെ യാത്രികരുടെ കൂടിച്ചേരലുകളില്‍ 40-50 പേരാണു പങ്കെടുത്തുകൊണ്ടിരുന്നത്. ഇപ്പോള്‍ പദ്ധതിയില്‍ എത്രപേരുണ്ടെന്ന് അറിയില്ല.
താങ്കള്‍ ഈ ആശയത്തില്‍ ആകൃഷ്ടനായതും ഇപ്പോള്‍ പദ്ധതി യാഥാര്‍ഥ്യമായതുമായ സാഹചര്യങ്ങളെ എങ്ങനെയാണു വിലയിരുത്തുന്നത്?
കുറേ ഭ്രാന്തന്മാര്‍ ഇറങ്ങിയിരിക്കുന്നുവെന്ന തമാശയോ പരിഹാസമോ ഒക്കെയായിരിക്കും അന്ന് ആളുകള്‍ക്കു തോന്നിയിട്ടുണ്ടാവുക. മാധ്യമപ്രവര്‍ത്തകര്‍ പോലും അവിശ്വസനീയതോടെയാണ് ഇതിനെ അന്ന് നോക്കിക്കൊണ്ടിരുന്നത്. തള്ള് അല്ലേ എന്നായിരുന്നു പലരുടെയും ചിന്ത. എന്നാല്‍ ഇത് നടക്കുന്ന കാര്യമാണെന്ന് ഇന്നത്തെ തലമുറയ്ക്ക് അറിയാം. ഇന്നിപ്പോള്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ബഹിരാകാശത്ത് പോയി വന്നതു തത്സമയം ആളുകള്‍ കണ്ടു.

എന്നെ സംബന്ധിച്ചിടത്തോളം പദ്ധതിയില്‍ വലിയ വിശ്വാസമുണ്ടായിരുന്നു. വിര്‍ജിന്‍ എന്ന വലിയ എയര്‍ലൈന്‍ കമ്പനി ഉടമ, ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാള്‍ എതു മാത്രമല്ല, വലിയ കീര്‍ത്തിയുള്ള ആള്‍ കൂടിയാണ് സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍. അദ്ദേഹത്തോട് വലിയ മതിപ്പുണ്ടായിരുന്നു. അന്ന് സ്റ്റീഫന്‍ ഹോക്കിങ് പോലുള്ള വിഖ്യാത ശാസ്ത്രജ്ഞന്‍ വരെ ഈ യാത്രയില്‍ പങ്കെടുക്കാന്‍ തയാറായിരുന്നു. പ്രശസ്ത ഹോളിവുഡ് നടന്‍ ലിയാനാര്‍ഡോ ഡികാപ്രിയോ ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ നിലവില്‍ പദ്ധതിയില്‍ അംഗമാണ്.
ബഹിരാകാശ യാത്രയ്ക്കുള്ള ചെലവ് എത്രയാണ്? ഇതാണോ താങ്കളുടെ ഏറ്റവും ചെലവേറിയ യാത്ര?
എന്റെ ഇതുവരെയുള്ള ഒരു യാത്രയ്ക്കും ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവ് വന്നിട്ടില്ല. ഓരോ യാത്രയിലും ഏറ്റവും ചുരുങ്ങിയത് 25 എപ്പിസോഡെങ്കിലും ഞാന്‍ ഷൂട്ട് ചെയ്ത് കൊണ്ടുവരും. അതായത് ഒരു എപ്പിസോഡിനു നാലായിരം രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ. എന്റെ ഏറ്റവും ചെലവേറിയ യാത്രയായിരിക്കും ബഹിരാകാശത്തേക്കുള്ളത്. രണ്ടര ലക്ഷം യുഎസ് ഡോളറാണു യാത്രയ്ക്കു മാത്രമുള്ള തുക. പരിശീലനത്തിനും അതിനുവേണ്ടിയുള്ള യാത്രയ്ക്കുമൊക്കെയുള്ള മറ്റു ചെലവ് വേറെ. ഇതൊരു വലിയ തുകയായി തോന്നിയേക്കാം. അത് നമ്മുടെ ചിന്താഗതിയെ ആശ്രയിച്ചിരിക്കും.
രണ്ടര ലക്ഷം യുഎസ് ഡോളറെന്നത് രണ്ടു കോടി രൂപയ്ക്കു താഴെയാണ്. എറണാകുളത്ത് 10 സെന്റ് സ്ഥലം വാങ്ങാന്‍ അല്ലെങ്കില്‍ മറൈന്‍ ഡ്രൈവില്‍ ഒരു ഫ്‌ളാറ്റ് വാങ്ങാന്‍ എത്ര തുക വരും? മറൈൻ ഡ്രൈവില്‍ ഫ്‌ളാറ്റുള്ള എത്ര പേരെ നിങ്ങള്‍ ഇന്റര്‍വ്യൂ ചെയ്യും? ജീവിതം അനശ്വരമാക്കുന്ന ഒന്നിലാണോ അതോ 10 സെന്റിലോ ഫ്‌ളാറ്റിലോ ആണോ നിക്ഷേപിക്കേണ്ടത് എന്നത് നിങ്ങള്‍ തീരുമാനിക്കണം. ഞാന്‍ ചിന്തിക്കുന്നത് അങ്ങനെയാണ്. ഇത് ജീവിത വീക്ഷണത്തിന്റ വ്യത്യാസമാണ്. മറ്റെല്ലാവരെയും പോലെ ചിന്തിച്ചിരുന്നെങ്കില്‍ എനിക്ക് ‘സഞ്ചാരം’ പരിപാടിയുടെ ഒരു എപ്പിസോഡ് പോലും ഷൂട്ട് ചെയ്യാന്‍ കഴിയുമായിരുന്നില്ല.

ഒരു യാത്രയ്ക്കുവേണ്ടിയല്ല ഞാന്‍ പണം മുടക്കുന്നത്. നീല്‍ ആംസ്‌ട്രോങ്ങും മൈക്കേല്‍ കോളിന്‍സും ബസ് ആള്‍ഡ്രിനുമൊക്കെ പരിശീലനം നേടിയ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ പരിശീലനം കിട്ടിയ എത്ര മലയാളികളുണ്ടാവും? എല്ലാ വര്‍ഷം രണ്ടോ മൂന്നോ തവണ റിച്ചാര്‍ഡ് ബ്രാണ്‍സണിന്റെ നേതൃത്വത്തില്‍ യാത്രികരുടെ കൂടിച്ചേരലുകള്‍ നടക്കാറുണ്ട്. അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍ പോലുള്ള സെലിബ്രിറ്റികളാണ് അതില്‍ പങ്കെടുക്കുന്നത്. അവര്‍ക്കും നമുക്കും ഒരേ പരിഗണനയാണ് അവിടെ ലഭിക്കുന്നത്. റിച്ചാര്‍ഡ് ബ്രാണ്‍സനെ കാണാന്‍ ആളുകള്‍ കാത്തുനില്‍ക്കുന്ന കാലത്താണ് ഞാന്‍ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുന്നത്. അങ്ങനെ എത്ര വര്‍ഷം. അത്തരം അനുഭവങ്ങള്‍ക്കാണ് ഈ പണം നല്‍കുന്നത്.

ബഹിരാകാശ യാത്രയുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുമോ?
തീര്‍ച്ചയായും ചിത്രീകരിക്കും. 2007 ല്‍ വിര്‍ജിന്‍ ഗാലക്റ്റിക്കുമായി കരാര്‍ ഒപ്പിടുന്നതിനുമുമ്പ് ഞാന്‍ വച്ച ഒരേയൊരു നിബന്ധന യാത്ര ഷൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്നും അതുവഴി നാട്ടിലുള്ള ആളുകള്‍ക്ക് ബഹിരാകാശ കാഴ്ചകള്‍ കാണാന്‍ അവസരം ഒരുക്കണമെന്നുമാണ്.
ബഹിരാകാശ ടൂറിസത്തിന്റെ ഭാവിയെ എങ്ങനെയാണു കാണുന്നത്?
ഭാവിയുടെ ബിസിനസാണ് ബഹിരാകാശ ടൂറിസം. ഇത് നാളത്തെ ഏറ്റവും വലിയ സംരഭങ്ങളായും ഗതാഗത സംവിധാനങ്ങളായും മാറാന്‍ പോകുകയാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് സ്‌പെയിനില്‍നിന്ന് ആളുകള്‍ പായ്ക്കപ്പലുമായി ലാറ്റിന്‍ അമേരിക്കയിലേക്ക് പോയത് എന്തിനാണ്? ഫ്രഞ്ചുകാര്‍ ആഫ്രിക്കയിലേക്കും ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേക്കും പോയത് എന്തിനാണ്? ഇങ്ങനെ നേടിയ സമ്പത്ത് കൊണ്ടാണ് യൂറോപ്പ് ഇന്ന് സമൃദ്ധമായി ജീവിക്കുന്നത്. അവിടെയുള്ള ആളുകള്‍ സാഹസികരും മറ്റു രാജ്യങ്ങളില്‍ പോയി അവിടങ്ങള്‍ കീഴടക്കിയവരുമാണ്. അതുപോലെ ഭാവിയിലേക്കുള്ള നിക്ഷേപമാണ് ബഹിരാകാശ ടൂറിസം.

ഭൂമിയിലെ വിഭവങ്ങള്‍ തീരുന്ന ഒരു കാലം നാം മുന്‍പില്‍ കാണണം. അവ ഇനി വരേണ്ടത് മറ്റു ഗ്രഹങ്ങളില്‍നിന്നാണ്. അതിന് 50 കൊല്ലം കഴിഞ്ഞ് ചിന്തിച്ചാല്‍ പോര. ബഹിരാകാശത്തേക്കു യാത്രക്കാരെ കൊണ്ടുപോകുകയും തിരിച്ചുകൊണ്ടുവരികയും ചെയ്യുന്നതില്‍ പരിചയസമ്പന്നരായ ഒരു കമ്പനി ഉണ്ടെങ്കില്‍, അവരായിരിക്കില്ലേ അന്ന് ഈ വിപണിയെ നയിക്കാന്‍ പോകുന്നത്? നമ്മുടെ നാട്ടിലെ സര്‍ക്കാരുകള്‍ക്കില്ലാത്ത കാഴ്ചപ്പാടാണിത്. യൂറോപ്പ് എന്നും ഈ തരത്തിലാണ് ചിന്തിച്ചത്. അവര്‍ ജീവിച്ചിരിക്കുന്ന കാലത്തെക്കുറിച്ചല്ല, വരാനിരിക്കുന്ന കാലത്തെക്കുറിച്ചാണ് സ്വപ്‌നം കണ്ടത്. അന്യഗ്രഹങ്ങളില്‍ പോയി പര്യവേഷണം നടത്തുന്ന കാലം വരെയുള്ള പദ്ധതിയുടെ പേരാണ് ബഹിരാകാശ ടൂറിസം. ഇതൊരു ലക്ഷ്യമല്ല, മാര്‍ഗം മാത്രമാണ്.
ബഹിരാകാശ രംഗത്ത് നിര്‍ണായക ശക്തികളിലൊന്നാണ് ഇന്ത്യ. ബഹിരാകാശ ടൂറിസത്തിലെ ഇന്ത്യയുടെ സാധ്യതകളെ എങ്ങനെ കാണുന്നു?
ബഹിരാകാശ ടൂറിസത്തില്‍ ഇന്ത്യയ്ക്കു വലിയ സാധ്യതകളാണുള്ളത്. ഇന്ത്യ എന്തുകൊണ്ട് ഇതേക്കുറിച്ച് ചിന്തിക്കുന്നില്ലായെന്നത് അദ്ഭുതമാണ്. നമ്മുടെ രാജ്യം ഈ രംഗത്തേക്കു കടന്നുവരുമെന്നാണ് വിശ്വാസം. ഐഎസ്ആര്‍ഒയുടെ മനസില്‍ ഈ കാര്യമുണ്ടാവാമെന്നാണ് കരുതുന്നത്. അവര്‍ ഇപ്പോഴത്തെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടാവും. ആവശ്യമായ തിയറിയും ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യയും ഇവിടെയുണ്ട്. വേണ്ടത് യാത്രക്കാരെ സുരക്ഷിതമായി കൊണ്ടുപോയി തിരിച്ചെത്തിക്കാന്‍ കഴിയുന്ന വീണ്ടും ഉപയോഗിക്കാവുന്ന ബഹിരാകാശ വാഹനം യാഥാർഥ്യമാക്കുകയാണ്. അതു മാത്രമാണ് ഇന്ത്യയ്ക്കു മുന്നിലുള്ള വെല്ലുവിളി.

ലോകത്ത് ഇനി താങ്കള്‍ പോകാനുള്ള ഒരേയൊരു സ്ഥലം ബഹിരാകാശം മാത്രമാണോ?
സത്യം പറഞ്ഞാല്‍, ഞാന്‍ ലോകത്തിലെ എല്ലാ സ്ഥലങ്ങളിലും യാത്ര ചെയ്തിട്ടില്ല. എന്നാല്‍ 130 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനാല്‍, സാംസ്‌കാരികമായി ഞെട്ടലുണ്ടാക്കുന്ന അനുഭവങ്ങള്‍ ഇനി ലഭിക്കുന്നത് കുറവായിരിക്കും. ലോകമെമ്പാടുമുള്ള മിക്ക പ്രദേശങ്ങളിലെയും ഭൂമിശാസ്ത്രം, ആളുകള്‍, പാചകരീതി, സംസ്‌കാരം എന്നിവയില്‍നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് നല്ല ധാരണയുണ്ട്. അമേരിക്കയിലും ചൈനയിലുമാണ് ഏറ്റവും കൂടുതല്‍ തവണ പോയിട്ടുള്ളത്. തെക്കേ അമേരിക്കയിലെ ആമസോണ്‍ മഴക്കാടുകള്‍, സൗദി അറേബ്യ, ഇറാന്‍ എന്നിവയൊക്കെയാണ് ഇനി പോകാനിരിക്കുന്ന സ്ഥലങ്ങള്‍. ഇവ കൂടിയാവുന്നതോടെ ഭൂമിയിയിലെ വലിയ മേഖലകളുടെ ‘ഒരു സാമ്പിള്‍’ ലഭ്യമാകുമെന്നു പറയാം. അല്ലാതെ ലോകം മുഴുവന്‍ കണ്ടു എന്ന് പറയാനാവില്ല.
യാത്രകളിലും അവ ചിത്രീകരിച്ച് പ്രേക്ഷകരിലെത്തിക്കുന്നതിലും എങ്ങനെയാണ് താല്‍പ്പര്യം ജനിച്ചത്?
അച്ഛന്‍ കേരളത്തിലെ കോട്ടയം മരങ്ങാട്ടുപിള്ളിയില്‍ പാരലല്‍ കോളേജ് നടത്തിയിരുന്നു. തന്റെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി അദ്ദേഹം പഠനയാത്രകള്‍ നടത്താറുണ്ടായിരുന്നു. സ്‌കൂള്‍ കാലത്ത് എന്നെയും ഒപ്പം കൂട്ടുമായിരുന്നു. ഓരോ യാത്രയുടെയും വിവരണം വിശദമായി എഴുതി നല്‍കണമെന്നതായിരുന്നു ഇക്കാര്യത്തിലുള്ള അച്ഛന്റെ നിബന്ധന. അതിനാല്‍, യാത്രകളില്‍ കണ്ട ഓരോ കാര്യവും സ്ഥലത്തിന്റെ പ്രത്യേകതകളും വിശദമായി രേഖപ്പെടുത്തുകയല്ലാതെ മാര്‍ഗമില്ല. അത് പിന്നീട് എന്റെ സ്വഭാവമായി മാറി. ഇത്, ഞാന്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെയും ഇടയ്ക്കുള്ള സ്ഥലങ്ങളെയും സംബന്ധിച്ച് വിശദമായ കുറിപ്പുകള്‍ മുന്‍കൂട്ടി തയാറാക്കി സൂക്ഷിക്കാന്‍ എന്നെ സഹായിച്ചു. ഈ ശീലം ലോകത്തെവിടെയുമുള്ള ഓരോ സ്ഥലവും പരിചയമുള്ളതുപോലെ യാത്ര ചെയ്യാന്‍ സഹായിക്കുന്നു.