ന്യൂഡല്‍ഹി: ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഭരണകൂടത്തെ വിമര്‍ശിച്ച് ഷെഹ്‌ല റാഷിദ്. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം രേഖപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനെതിരെയാണ് ഷെഹ്‌ലയുടെ വിമര്‍ശനം. കേരളം, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങള്‍ക്കെതിരെയാണ് വിമര്‍ശനം.

വിലപ്പെട്ട ഈ അഞ്ച് വര്‍ഷം ബിജെപിയേക്കാള്‍ മെച്ചപ്പെട്ടവരാണ് തങ്ങള്‍ എന്ന് തെളിയിക്കാനാണ് ഉപയോഗിക്കേണ്ടതെന്ന് ഷെഹ്‌ല പറയുന്നു. അല്ലാതെ തങ്ങളും ബിജെപിയെ പോലെ തന്നെയാണെന്ന് കാണിക്കുകയല്ല വേണ്ടതെന്നാണ് വിമര്‍ശനം.

‘ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന കേരളം, പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഫെയ്സ്ബുക്ക് കമന്റിന്റെ പേരില്‍ ആളുകള്‍ അറസ്റ്റു ചെയ്യപ്പെടുന്നു. കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടര്‍മാരെ ഭരണകക്ഷി ആക്രമിക്കുന്നു. പ്രിയപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളേ, ഞങ്ങളും ബിജെപിയെപ്പോലെയാണെന്ന് തെളിയിക്കുന്നതിനു പകരം ഈ വിലപ്പെട്ട അഞ്ചുവര്‍ഷം ബിജെപിയേക്കാള്‍ മെച്ചമാണ് നിങ്ങളെന്ന് തെളിയിക്കാന്‍ ഉപയോഗിക്കണം’ ഷെഹ്‌ല ട്വീറ്റ് ചെയ്തു.

സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം 119 പേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന ഔദ്യോഗിക കണക്ക് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയെയും മന്ത്രിമാരേയും അധിക്ഷേപിച്ചതിന് 41 സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചെന്നാണ് നിയമസഭയിലെ ചോദ്യങ്ങള്‍ക്കു മറുപടിയായി സര്‍ക്കാര്‍ പുറത്തുവിട്ട രേഖയില്‍ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.