ബത്തേരി: ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്ല ഷെറിന് ക്ലാസ് മുറിയില്‍നിന്ന് പാമ്പുകടിയേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് ഇപ്പോഴും നാട്ടുകാർ. ബത്തേരി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ അഞ്ച് ബി ക്ലാസിലാണ് ഷഹ്ല പഠിക്കുന്നത്. ഇംഗ്ലീഷ് മീഡിയം ക്ലാസാണ് അഞ്ച് ബി. മലയാളമാണ് ഷഹ്ല ഉപഭാഷയായി എടുത്തിരിക്കുന്നത്.
Read Also: പാമ്പുകടിയേറ്റാൽ ഉടനടി ചെയ്യേണ്ടതെന്ത്?
ഏഴാമത്തെ പിരീഡിലായിരുന്നു സെക്കൻഡ് ലാംഗ്വേജ് ക്ലാസ്. പതിവുപോലെ മലയാളം ക്ലാസിനുള്ള സമയമായപ്പോൾ ഷഹ്ല അഞ്ച് ബിയിൽ നിന്ന് അഞ്ച് എയിലേക്ക് പോയി. ക്ലാസിലെ അവസാന ബഞ്ചിൽ ഇരുന്ന ഷഹ്ലയെ ചുമരിനോടു ചേർന്നുളള പൊത്തിൽ നിന്നാണ് പാമ്പ് കടിച്ചത്. പഴയ ബിൽഡിങ്ങിലാണ് അഞ്ചാം ക്ലാസ് എ ഉള്ളത്.
Read Also: ഷെഹ്ലയുടെ മരണം: പ്രിന്‍സിപ്പലിനും ഹെഡ്മാസ്റ്റർക്കും സസ്പെന്ഷന്; പിടിഎ പിരിച്ചുവിട്ടു
സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഷഹ്ല പഠിച്ചിരുന്നത്. അഞ്ചാം ക്ലാസിലേക്ക് എത്തിയപ്പോൾ സർക്കാർ സ്കൂളിലേക്ക് മാറുകയായിരുന്നു. ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഹൈടെക് സംവിധാനങ്ങൾ കണ്ടാണ് ഷഹ്ല സ്വകാര്യ സ്കൂളിൽ നിന്നു മാറിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
ഷഹ്ല പാമ്പു കടിച്ചെന്നു പറഞ്ഞപ്പോൾ ക്ലാസ് അധ്യാപിക ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാൻ പറഞ്ഞെങ്കിലും പ്രൈമറി അധ്യാപകനായ സി.പി.ഷജിൽ കുമാർ മാതാപിതാക്കൾ എത്തിയശേഷം മതിയെന്നു വാശി പിടിച്ചു. സ്കൂൾ വിടാൻ ഒരു പിരീഡ് കൂടിയല്ലേ ഉള്ളൂ എന്ന ചിന്തയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും ശ്രമിക്കാതിരുന്നത്. യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി അധ്യാപകന് സി.പി.ഷജില്‍ കുമാറിനെയും അകാരണമായി ചികിത്സ വൈകിപ്പിച്ചെന്ന ആരോപണത്തെത്തുടർന്ന് ഡോക്ടറെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.