കൊച്ചി: തട്ടിക്കൊണ്ടു പോയി ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയും സംഭവത്തില്‍ പ്രതിഷേധവും അറിയിച്ച് അമ്മയുടെ നേതൃത്വത്തിലുള്ള ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ കൊച്ചിയില്‍ ഒത്തുചേര്‍ന്നു. പേടിച്ചരണ്ട് തന്റെ വീട്ടിലേക്ക് അഭയം പ്രാപിക്കാനെത്തിയ നടി തന്റെ ഞെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുകയായിരുന്നെന്ന് ലാല്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട പ്രമുഖ നടി ആദ്യം എത്തിയത് സംവിധായകനും നടനും നിര്‍മ്മാതാവുമായ ലാലിന്റെ വീട്ടിലേക്കായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നടന്ന സംഭവം വിവരിക്കുമ്പോള്‍ സംവിധായകന്‍ ലാലിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. കൊച്ചി ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് താരസംഘടനയായ അമ്മ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ലാല്‍ ഇക്കാര്യം വിവരിച്ചത്. സംഭവത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ വിവരമറിഞ്ഞയാളാണ് സംവിധായകന്‍ ലാല്‍. അദ്ദേഹം നടിക്കുണ്ടായ അനുഭവം വിവരിച്ചപ്പോള്‍ കേട്ടിരുന്ന മറ്റ് താരങ്ങളുടെയും കണ്ണ് നിറഞ്ഞു.

പുലര്‍ച്ചെ തന്നെ നടിയുടെ പ്രതിശ്രുത വരനും വീട്ടുകാരും തന്റെ വീട്ടിലെത്തി. അവര്‍ ഭാവനയ്ക്ക് പുര്‍ണ്ണ പിന്തുണയാണ് നല്‍കിയത്. ആദ്യം സംഭവം പുറത്തറിയരുതെന്ന നിലപാടിലായിരുന്നു നടി. എന്നാല്‍ പ്രതിശ്രുത വരനടക്കം പിന്തുണ നല്‍കിയതോടെ എവിടെയും തുറന്ന് പറയാമെന്നും പരാതി നല്‍കാമെന്നും നടി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല എന്നു പറയുന്ന മലയാളിയുടെ ധാർഷ്‌ട്യത്തിന് കിട്ടിയ അടിയാണ് ഈ സംഭവമെന്ന് സംവിധായകൻ കമൽ അഭിപ്രായപ്പെട്ടു. രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ സ്ത്രീകൾ ധൈര്യം കാണിക്കുന്ന കാലത്താണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. സൗമ്യയ്ക്കുണ്ടായ ദുരന്തം നമ്മൾ കണ്ടതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. അതിൽ കേരളം ലജ്ജിക്കണം. ഈ​ കേസിൽ ഉൾപ്പെട്ട് ക്രിമിനലുകൾ മാത്രമല്ല, എല്ലാ മലയാളികളും കുറ്റക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര പ്രവർത്തകരുടെ പ്രതിഷേധക്കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ നിരവധി പേരെത്തി. താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, സംവിധായകൻ കമൽ, മമ്മൂട്ടി, ദിലീപ്, ജയസൂര്യ, ലാൽ, മനോജ് കെ.ജയൻ, സരയു തുടങ്ങിയവരെല്ലാം പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കാനെത്തി. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഓരോരുത്തരും നടിയ്ക്ക് പിന്തുണയും അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ