scorecardresearch
Latest News

ദാരിദ്ര്യവും ഡിജിറ്റൽ അസമത്വവും താണ്ടാനാവാതെ അവൾ; വിദ്യാർത്ഥിയുടെ മരണത്തിൽ മനംനൊന്ത് അധ്യാപിക

ഡിഗ്രി കഴിഞ്ഞു പോയ മറ്റൊരു പെൺകുട്ടി എന്നെ വിളിച്ചിരുന്നു. സാമ്പത്തിക പ്രശ്നം കാരണം ലൈംഗിക തൊഴിലെടുക്കാൻ അമ്മ നിർബന്ധിക്കുന്നുവെന്നാണ് കരഞ്ഞുകൊണ്ട് അവൾ പറയുന്നത്

tribal, ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്തു, tribal girl committed suicide, online class, iemalayalam, ഐഇ മലയാളം

“എന്റെ കുട്ടികളിലൊരാൾ ഇന്ന് ആത്മഹത്യ ചെയ്തു,” എന്നു പറഞ്ഞുകൊണ്ട് തൃശൂർ വിമല കോളജ് അധ്യാപികയായ അനു പാപ്പച്ചൻ ഇന്നലെ രാത്രി എഴുതിയ കുറിപ്പിലേക്കാണ് ഇന്ന് നേരം വെളുക്കുന്നത്. പാലക്കാട് കോട്ടമല ഊരിലെ ഇരുള സമൂഹത്തിലെ പെൺകുട്ടിയാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകാതെ, പരീക്ഷകൾ എഴുതാനാകാതെ മനംനൊന്ത് ജീവിതം അവസാനിപ്പിച്ചത്. അവളുടെ ഊരിൽ മൊബൈൽ ഫോൺ നെറ്റ്‌വർക്ക് ഇല്ലായിരുന്നു. തൊഴിലുറപ്പിനുപോയി വന്നശേഷം മുറിയുടെ വാതിലടച്ച് തൂങ്ങിമരിച്ച തന്റെ പ്രിയപ്പെട്ട വിദ്യാർഥിയെ വേദനയോടെയും കുറ്റബോധത്തോടെയുമാണ് അനു പാപ്പച്ചൻ ഓർമിക്കുന്നത്.

“നവംബർ പത്തിനാണ് ഞാൻ അവസാനമായി അവളോട് സംസാരിച്ചത്. മിടുക്കിയായിരുന്നു, വളരെ പോസിറ്റീവ് ആയിരുന്നു. പഠിക്കാൻ ഏറെ ആഗ്രഹമുണ്ടായിരുന്നു അവൾക്ക്. അവളുടെ കൈയിൽ ഫോണുണ്ടായിരുന്നു. കുട്ടികൾക്ക് നെറ്റ് റീ ചാർജ് ചെയ്തു കൊടുക്കാൻ ക്ലാസ് ലീഡറുടെ കൈയിൽ പൈസ ഏൽപ്പിക്കാറാ​ണ് പതിവ്. പക്ഷെ അവളുടെ നാട്ടിൽ ടവറില്ലായിരുന്നു. അവിടെനിന്ന് പുറത്തു വരുമ്പോളാണ് അവളോട് സംസാരിക്കാൻ പറ്റുന്നത്. എട്ട് മാസത്തോളമായി ഇങ്ങനെ. ഇനി പഠിക്കുന്നില്ല, മുന്നോട്ടു പോകാൻ വയ്യ എന്നൊക്കെ അവൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പക്ഷെ ഞങ്ങളുടെ മുഴുവൻ പിന്തുണയും അവൾക്കുണ്ടായിരുന്നു. അവൾക്ക് മാത്രമല്ല, ഗോത്ര വിഭാഗത്തിൽനിന്നു വരുന്ന കുട്ടികൾക്കെല്ലാം. ക്ലാസിൽ പങ്കെടുക്കാൻ പറ്റിയിരുന്നില്ലെങ്കിലും അവർക്ക് അറ്റൻഡൻസും ഇന്റേണൽ മാർക്കും നൽകാറുണ്ടായിരുന്നു. കോളേജ് തുറക്കുമ്പോൾ എല്ലാം ശരിയാക്കാമെന്ന് ആശ്വസിപ്പിക്കും. അവൾ മൂളിക്കേൾക്കും. എന്നിട്ടും…” അനു പാപ്പച്ചൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Read More: കോവിഡ്, ദാരിദ്ര്യം, പൊട്ടിയ ഫോൺ; ഒരു കുടുംബത്തിന് മകനെ നഷ്ടപ്പെട്ടത് ഇങ്ങനെ

“വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്ന അവൾ പിന്നീട് തൊഴിലുറപ്പിനു പോയി തുടങ്ങി. ചെറിയ കുട്ടികളാണ്. അവർക്ക് ഇതൊന്നും പരിചയമുണ്ടാകില്ല. മനസിൽ ദേഷ്യവും അമർഷവും അപകർഷതാബോധവും ഉണ്ടാകും. ഒരു അനിയനും അനിയത്തിയുമുണ്ട് അവൾക്ക്. കടുത്ത ദാരിദ്ര്യമായിരുന്നു. പഠിച്ച് നല്ല ജോലി വാങ്ങി അവരെയും പഠിപ്പിക്കണമെന്നൊക്കെ മോഹിച്ചാണ് അവൾ കോളേജിൽ എത്തിയത്.”

മറ്റു കുട്ടികൾ ഫോണിലും വാട്ട്സാപ്പിലുമായി അധ്യാപകരുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നടത്തുമ്പോൾ അവൾക്ക് അതിനും സാധ്യമല്ലായിരുന്നുവെന്ന് അനു പാപ്പച്ചൻ പറഞ്ഞു.

“വീട്ടിൽ അടച്ചുപൂട്ടിയിരിക്കുന്നത് പെൺകുട്ടികളെ മാനസികമായി ബാധിക്കുന്നുണ്ട്. കോളേജും കൂട്ടുകാരുമാണ് അവരുടെ ഏക ആശ്വാസം. അവരുടെ ഊരിൽ കുറച്ച് വീടുകളേ ഉള്ളൂ. ഒറ്റപ്പെടലാണോ, പഠിക്കാൻ നിവൃത്തിയില്ലാത്തതാണോ എന്താണ് ജീവിതം അവസാനിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് അവളെ എത്തിച്ചതെന്ന് അറിയില്ല. കുട്ടിയുടെ അച്ഛനോട് സംസാരിച്ചിരുന്നു. ‘എന്താണ് എന്നറിഞ്ഞുകൂട സാറേ,’ എന്നാണ് കരഞ്ഞുകൊണ്ട് ആ പിതാവ് പറഞ്ഞത്.

പതിവുപോലെ രാവിലെ ജോലിക്കു പോകുമ്പോൾ അസാധാരണമായൊന്നും ആരും ശ്രദ്ധിച്ചിട്ടില്ല. ഉച്ചയ്ക്ക് വീട്ടിൽ വന്ന്, കതകടച്ച് തൂങ്ങിമരിക്കുകയായിരുന്നു. അവിടെ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ എന്ന് അന്വേഷിച്ചപ്പോൾ ഒന്നുമില്ല എന്നാണ് കുട്ടിയുടെ ബന്ധു പറഞ്ഞത്. ആ പെൺകുട്ടിയും അവൾക്കൊപ്പം ജോലിക്കു പോയിരുന്നു.”

ലോക്ക് ഡൗണ്‍ കാലത്ത് തന്റെ ക്ലാസിലെ രണ്ട് പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞെന്നും അനു പാപ്പച്ചൻ പറയുന്നു.

“രക്ഷിതാക്കളുടെ ഭാഗത്തുനിന്നു വലിയ സമ്മർദമാണ് കുട്ടികൾ അനുഭവിക്കുന്നത്. വെറുതെ ഇരിക്കാൻ പറ്റാത്തതുകൊണ്ട് കുട്ടികളെ കല്യാണം കഴിപ്പിച്ച് വിടുകയാണ്. ‘വെറുതെ ഇരുന്ന് തിന്നുവല്ലേയെന്നാണ് മിസ്സേ അവർ പറയുന്നത്,’ എന്നൊക്കെ സങ്കടത്തോടെ വിളിച്ചു പറയുന്ന കുട്ടികളുണ്ട്. ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി സഹായിക്കുന്നുണ്ട്. പക്ഷേ മനസ് നമ്മുടെ കൈയിലല്ലല്ലോ. മാത്രമല്ല, അവരെ നേരിൽ കാണുന്നുമില്ല. രാവിലെ ക്ലാസിൽ വരുന്ന ഒരു കുട്ടിയുടെ മുഖം കാണുമ്പോൾ അറിയാം അവർക്ക് എന്തെങ്കിലും വിഷമമുണ്ടോയെഎന്ന്. ഓൺലൈനിൽ അതിനുള്ള സാധ്യതയില്ല.

ക്ലാസിൽ പതിനഞ്ച് കുട്ടികൾക്കാണ് തുടക്കത്തിൽ ഫോൺ ഉണ്ടായിരുന്നത്. ഞാൻ ഈ വിഷയം സംബന്ധിച്ച് മേയിൽ ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. അന്ന് പല സുഹൃത്തുക്കളും ഫോൺ തന്നും പൈസ തന്നും സഹായിച്ചു. ഇപ്പോൾ നാൽപ്പതുപേർക്കും ഫോൺ ആയി. സർക്കാരിന്റെ ഭാഗത്തുനിന്നു സഹായമൊന്നും ഉണ്ടായിട്ടില്ല. ഇത്തരം സാഹചര്യത്തിൽ ഒരു വർഷം സീറോ ഇയർ ആയാൽ എന്താണ് പ്രശ്നമെന്നാണ് ഞങ്ങൾ ചോദിക്കുന്നത്.”

Read More: ഓൺലൈൻ ക്ലാസിലിരിക്കാൻ ഇന്റർനെറ്റ് ഇല്ല; മല കയറി വിദ്യാർഥികൾ

ഓൺലൈൻ ക്ലാസിൽ വന്ന് വീഡിയോ ഓൺ ചെയ്യാൻ വിമുഖത കാണിക്കുന്ന കുട്ടികളുണ്ട്. കൂട്ടുകാരേയും അധ്യാപകരെയും കാണിക്കാൻ കഴിയുന്ന നല്ലൊരു വീട് പോലും ഇല്ലെന്നതാണ് അവരുടെ വിഷമം. ഈ കുട്ടികൾ പാടത്തും പറമ്പിലുമിരുന്നാണ് ക്ലാസുകളിൽ പങ്കെടുക്കുന്നതെന്നും അനു പാപ്പച്ചൻ പറയുന്നു.

“നമ്മൾ വിചാരിക്കുന്ന സാഹചര്യമല്ല പല കുട്ടികളുടെയും വീട്ടിൽ. ഇപ്പോഴും അധിക സമയം ഫോണിൽ ചെലവഴിച്ചാൽ പ്രശ്നമുണ്ടാക്കുന്ന വീട്ടുകാരുണ്ട്. കൂടുതൽ പൈസ ചെലവഴിക്കുന്നുവെന്ന് പരാതി പറയുന്നവരുണ്ട്. ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം കടുത്ത പട്ടിണിയും ദാരിദ്ര്യവുമാണ് പല വീട്ടിലും. ഡിഗ്രി കഴിഞ്ഞുപോയ ഒരു പെൺകുട്ടി എന്നെ വിളിച്ചിരുന്നു. 26 വയസുണ്ട് അവൾക്ക്. സാമ്പത്തിക പ്രശ്നം കാരണം അവളെ ലൈംഗികത്തൊഴിലെടുക്കാൻ അമ്മ നിർബന്ധിക്കുന്നുവെന്നാണ് കരഞ്ഞുകൊണ്ട് അവൾ പറയുന്നത്. എവിടെയെങ്കിലും ഒരു ജോലി ശരിയാക്കിത്തരാമോയെന്നും എങ്ങനെയെങ്കിലും ഈ വീട്ടിൽനിന്നു രക്ഷപ്പെട്ടാൽ മതിയെന്നാണ് ആ കുട്ടി എന്നോട് പറഞ്ഞത്.”

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രായോഗികതയെക്കുറിച്ചും വിജയത്തെക്കുറിച്ചും സംസാരിക്കുമ്പോഴും മധ്യവർഗത്തെയും ഉപരിവർഗത്തെയും മാത്രമാണ് നാം കണക്കിലെടുക്കുന്നതെന്നും അനു പാപ്പച്ചൻ പറയുന്നു.

“പഠനം അവസാനിപ്പിക്കുവരും കൊഴിഞ്ഞുപോകുന്നവരും കൂടുതൽ പട്ടികജാതി- വർഗത്തിൽനിന്നുള്ള കുട്ടികളാണ്. അവർക്കാണ് ഇല്ലായ്മ. ഇവരുടെ മുന്നിൽനിന്ന് നീതിയെക്കുറിച്ചും തുല്യതയെക്കുറിച്ചും സംസാരിക്കുമ്പോൾ കുറ്റബോധം തോന്നും. അവർ തിരിച്ച് ചോദിച്ചാൽ എന്ത് മറുപടി പറയും?. ഇത്തരം സാഹചര്യങ്ങളിൽ ഈ കുട്ടികൾക്ക് എല്ലാ പിന്തുണ സർക്കാർ നൽകണം. അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുത്തശേഷമേ ഇതെല്ലാം തുടങ്ങാവൂ. അവസാനത്തെ കുട്ടിയെയും പരിഗണിക്കണം. അവസാനത്തെ ആൾക്കും നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം,” അനു പാപ്പച്ചൻ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: She couldnt overcome poverty and digital inequality teacher