തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ജി സുധാകരനെതിരെ ക്ഷത്രിയ ക്ഷേമ സഭ രംഗത്ത്. മന്ത്രി രാജകുടുംബാംഗങ്ങളെ അപമാനിച്ചെന്നാണ് ക്ഷത്രീയ ക്ഷേമ സഭയുടെ ആരോപണം.

തിരുവിതാംകൂര്‍ രാജകുടുംബത്തെയും പന്തളം കൊട്ടാരം നിര്‍വാഹക സംഘം ഭാരവാഹികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത മന്ത്രി ജി. സുധാകരനെ ചങ്ങലക്കിടാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.

കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചിരുന്ന കാലത്ത് പന്തളം കൊട്ടാരം പാര്‍ട്ടി ഷെല്‍റ്ററും നേതാക്കളുടെ ഒളിത്താവളവുമായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളില്‍ പലരും കൊട്ടാരത്തില്‍ നിന്നുള്ള ഉപ്പും ചോറും ധാരാളം തിന്നിട്ടുള്ള ചരിത്രം സുധാകരനും പാര്‍ട്ടിയും മറക്കരുതെന്നും സഭ പറഞ്ഞു.

1950 കാലഘട്ടങ്ങളില്‍ കമ്യൂണിസ്റ്റ് ലഘുലേഖ സൂക്ഷിച്ചതിനു കൊട്ടാരത്തില്‍ നിന്നു മൂന്നു കുടുംബാംഗങ്ങളെ അന്നു പൊലീസ് അറസ്റ്റു ചെയ്തു. ഇപ്പോഴത്തെ പന്തളം വലിയ തമ്പുരാനായ രേവതിനാള്‍ പി.രാമവര്‍മ രാജായ്ക്കു അന്നു ലഘുലേഖ വിതരണത്തിന്റെ പേരില്‍ അധ്യാപക ജോലി നഷ്ടപ്പെട്ടു. ചരിത്രം മറന്നുള്ള മന്ത്രിയുടെ വിടുവായത്തം നിര്‍ത്തിയില്ലെങ്കില്‍ ഉചിതമായ മറ്റു മാര്‍ഗങ്ങള്‍ തേടാനും യോഗം തീരുമാനിച്ചു.

തിരുവിതാംകൂര്‍ മഹാറാണി എന്നൊരു പദവിയില്ലെന്നും ഇപ്പോള്‍ രാജകുടുംബവുമില്ലെന്നും മുന്‍ രാജകുടുംബം എന്നു വേണമെങ്കില്‍ പറയാമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര്‍ വര്‍മ്മ മുന്‍ എസ്.എഫ്.ഐക്കാരനാണ്. കൊട്ടാരം പ്രതിനിധി എന്നത് സര്‍ക്കാര്‍ പദവിയൊന്നുമല്ല. പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോള്‍ സര്‍ക്കാരിനെ ആക്ഷേപിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

അസംബന്ധം വിളിച്ചുപറയാന്‍ ആരാണ് ഇയാള്‍ക്ക് ലൈസന്‍സ് കൊടുത്തതെന്നും സുധാകരന്‍ ചോദിച്ചു. ‘പൂജക്ക് സ്ത്രീപുരുഷ വ്യത്യാസമില്ല. എന്തിനാണ് ഈ കോലാഹലങ്ങള്‍, ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലും കൂടുതല്‍ വോട്ട് കിട്ടുമോ. കോടതിവിധി ഉണ്ടായിട്ടും ശബരിമലയില്‍ പോകാന്‍ ഇഷ്ടമില്ലാത്തവര്‍ പോകേണ്ടെന്നും’ മന്ത്രി പറഞ്ഞു.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ പന്തളം മുന്‍രാജകുടുംബം രംഗത്ത് വന്നിരുന്നു. വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.