കൊച്ചി: കേരളം നേരിടുന്ന പ്രളയക്കെടുതിയിൽ നിന്ന് രക്ഷപ്പെടാൻ സംസ്ഥാനം പരിശ്രമിക്കുന്നതിനിടെ ശശി തരൂർ എംപി ഐക്യരാഷ്ട്രസഭ ആസ്ഥാനത്തെത്തിയത് സംസ്ഥാന സർക്കാരിന്റെ പ്രതിനിധി ആയിട്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയെ അറിയിച്ചാണ് താൻ ജനീവയിലെത്തിയതെന്ന് ഇന്നലെ അദ്ദേഹം പറഞ്ഞിരുന്നു.

ഇന്നലെ രാത്രി നടന്ന വാർത്തസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. “ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് ശശി തരൂർ പോയത് സ്വന്തം നിലയ്ക്കാണ്. എല്ലാ ഭാഗത്ത് നിന്നും സഹായം കേരളത്തിന് ആവശ്യമുണ്ട്. എത്രവലിയ സഹായമായാലും അത് അധികമാവില്ല. എന്നാൽ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്തേക്ക് ശശി തരൂരിനെ സംസ്ഥാന സർക്കാർ അല്ല അയച്ചത്,” മുഖ്യമന്ത്രി പറഞ്ഞു.

ജനീവയിലെത്തിയ ശശി തരൂർ തന്നെ ഫോണിൽ വിളിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐക്യരാഷ്ട്രസഭ മുൻ സെക്രട്ടറി ജനറൽ കോഫി അന്നന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് യാത്രയെന്ന് തരൂർ പറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് വേണ്ടി സഹായം തേടുമെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി അദ്ദേഹം സർക്കാർ പ്രതിനിധിയല്ലെന്ന് വ്യക്തമാക്കിയത്.

പ്രളയബാധിതമേഖലയുടെ പുനർനിർമാണത്തിന് കേരളം ഐക്യരാഷ്ട്രസഭയുടെ സഹായം തേടിയിരുന്നു. മുൻപ് ഐക്യരാഷ്ട്രസഭയുടെ ഭാഗമായിരുന്ന ശശി തരൂരിന് അവിടെയുളള വ്യക്തിബന്ധം ഉപയോഗിച്ച് കേരളത്തിന് വേണ്ടി സഹായം നേടിയെടുക്കാനാവുമെന്നാണ് കരുതപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജൻസികളായ ഒസിഎച്ച്എ, ഐസിആർസി, ഡബ്ല്യൂഎച്ച്ഒ എന്നിവയുടെ തലവൻമാരുമായും തരൂർ കൂടിക്കാഴ്ച നടത്തി കേരളത്തിലെ സ്ഥിതിഗതികൾ അറിയിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ