കൊച്ചി: സോഷ്യൽ മീഡിയയിൽ മറ്റൊരു ആംഗലേയ പദം കൂടി ചർച്ചയ്ക്കിട്ട് ശശി തരൂർ. floccinaucinihilipilification എന്ന 29 അക്ഷരങ്ങളുളള കടുകട്ടി ഇംഗ്ലീഷ് പദം എന്തിന് വേണ്ടിയായിരുന്നു? അത്രമേൽ കടുത്ത വിമർശനങ്ങളാണോ തരൂരിന്റെ പുതിയ പുസ്തകം ‘പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ” നരേന്ദ്രമോദിക്കെതിരെ ഉയർത്താൻ പോകുന്നതെന്നാണ് ചോദ്യം ഉയരുന്നത്.

‘ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷൻ’ എന്ന വാക്കിന്റെ അർത്ഥം മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നതാണ്. ‘പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് അറിയിച്ച് കൊണ്ടുളള ട്വീറ്റിലാണ് അദ്ദേഹം ഈ വാക്കുപയോഗിച്ചത്.

‘പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ’ എന്ന താനെഴുതിയ 400 പേജുളള പുസ്തകം മൂല്യം കാണാതെ ഒന്നിനെ തളളിക്കളയുന്നതാണ് എന്നാണ് അദ്ദേഹം ട്വീറ്റിൽ പറയുന്നത്. ഇതിന് പിന്നാലെ പുസ്തകത്തിന്റെ ആദ്യത്തെ രണ്ട് പേജുകൾ കൂടി പുറത്തുവന്നു.

പുസ്തകത്തിന്റെ അകക്കാമ്പിനെ കുറിച്ച് നാല് വാക്യത്തിൽ ഒരു താളിൽ പറയുന്നുണ്ട്. “നരേന്ദ്രമോദിയിലേക്ക് മുൻപുണ്ടായിട്ടില്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ നോട്ടം ഉണ്ടാക്കുന്നതാണ് ഈ പുസ്തകം”, “നരേന്ദ്ര മോദിയെ കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തിക്കാത്ത കേന്ദ്രസർക്കാരിനെയും കുറിച്ചുളളതാണ് ഈ പുസ്തകം”, “എങ്ങിനെയാണ് നരേന്ദ്ര മോദി സർക്കാർ പ്രവർത്തിക്കുന്നതെന്നും എങ്ങിനെയാണത് സർക്കാരിനെ തകർക്കുന്നതെന്നും വ്യക്തമാക്കുന്നതാണ് ഈ പുസ്തകം.”

“ദശലക്ഷക്കണക്കിന് പേരാൽ സ്നേഹിക്കപ്പെടുന്ന അത്രയും തന്നെ നരേന്ദ്ര മോദി വെറുക്കപ്പെടുകയും ചെയ്യുന്നത് എന്തുകൊണ്ടെന്ന് വ്യക്താമാകുന്നതാണ് ഈ പുസ്തകം,” എന്നുമാണ് ഈ വാക്യങ്ങൾ പറയുന്നത്.

ബഹുസ്വര ഇന്ത്യയെ ഹൈന്ദവ ഇന്ത്യയെ പരിവർത്തനം ചെയ്യാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കൂടി അദ്ദേഹം വിമർശിക്കുന്നുണ്ട്. പുസ്തകത്തിൽ ഓരോ പ്രത്യേക ഭാഗത്തിലാണ് മുകളിലുളള നാല് കാര്യങ്ങളും ചർച്ച ചെയ്യുന്നത്.

മോദി സർക്കാരിന്റെ പ്രവർത്തന പരാജയത്തെ തുറന്നുകാട്ടുകയും, നയങ്ങൾ സർക്കാരിനെ തകർക്കുന്നത് എങ്ങിനെയെന്നും വിമർശിക്കുന്നുണ്ട്. എന്താണ് നരേന്ദ്രമോദിയെന്ന് തുറന്നുകാട്ടുന്നതിനൊപ്പം എന്തുകൊണ്ട് അദ്ദേഹം വെറുക്കപ്പെടുന്നുവെന്ന് കൂടി ശശി തരൂർ പറയുന്നു.

ഈ വർഷം ഇത് രണ്ടാമത്തെ പുസ്തകമാണ് ശശി തരൂർ പുറത്തിറക്കുന്നത്. ഈ വർഷം ജനുവരിയിലാണ് ‘വൈ അയാം എ ഹിന്ദു’ എന്ന അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതിനോടകം ഈ പുസ്തകത്തിന്റെ രണ്ട് ലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.