കൊച്ചി: കേരളത്തിനെതിരായ രാജ്യത്താകമാനം നടക്കുന്ന വിദ്വേഷ പ്രചാരണത്തെ എതിർക്കുന്നതിലാണ് കേരള സർക്കാർ ഇപ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആർഎസ്എസ് കാര്യവാഹക് രാജേഷിന്റെ വസതി സന്ദർശിച്ച് മടങ്ങിയ അരുൺ ജയ്റ്റ്ലിയ്ക്ക്, ‘എന്തുകൊണ്ട് കേരളം ഒന്നാമത്’ എന്ന പരസ്യം കൊണ്ടാണ് കേരള സർക്കാർ മറുപടി നൽകിയത്.

നവമാധ്യമങ്ങളിൽ വലിയ കൈയ്യടിയാണ് ഇതിന്റെ പേരിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ലഭിച്ചത്. കേരളത്തിനെതിരായ വിദ്വേഷ പ്രചാരണത്തെ എതിർക്കാൻ സംസ്ഥാനം തയ്യാറാകുമ്പോഴും ഭരണപക്ഷത്തിന്റെ നടപടികളെ പൂർണ്ണമായും അവർ കൈയ്യടിച്ചിരുന്നില്ല. എന്നാൽ ഇന്ന് അതിന് നിറഞ്ഞ കൈയ്യടി ലഭിച്ചിരിക്കുന്നത്, ഇന്ത്യയൊട്ടാകെ കോൺഗ്രസിന്റെ ശക്തമായ വക്താവായി നിറഞ്ഞ് നിൽക്കുന്ന തിരുവനന്തപുരം എംപി ശശി തരൂരിൽ നിന്നാണ്.

കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രധാന പത്രങ്ങളിൽ ഇംഗ്ലീഷിൽ നൽകിയ പരസ്യം ഇന്ന് പ്രമുഖ ഹിന്ദി പത്രങ്ങളിൽ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്ത് നൽകിയിരുന്നു. ഇതാണ് ശശി തരൂർ എംപി ക്ക് നന്നേ ബോധിച്ചത്. കേരളത്തിന്റെ നേട്ടങ്ങൾ ഹിന്ദി ഭാഷാ പ്രദേശത്തേക്ക് എത്തിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്ന ശശി തരൂരിന്റെ നവമാധ്യമ കുറിപ്പിന് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പരസ്യത്തിന്റെ ചിത്രം ഷെയർ ചെയ്താണ് ശശി തരൂർ തന്റെ സന്തോഷം പങ്കുവച്ചത്.

സംഘപരിവാർ സംഘടനകൾ രാജ്യത്താകമാനം കേരളത്തിനെതിരെ നടത്തുന്ന വ്യാജപ്രചാരണങ്ങളിൽ ശക്തമായ പ്രതിഷേധമാണ് കേരളത്തിൽ ഉയർന്നുവന്നിരിക്കുന്നത്. ആർഎസ്എസ്-ബിജെപി പ്രവർത്തകർ വലിയ തോതിൽ കേരളത്തിൽ അക്രമത്തിനിരയാകുന്നുവെന്നും കൊല്ലപ്പെടുന്നുവെന്നുമുള്ള പ്രചാരണത്തിന് പരോക്ഷമായ മറുപടിയാണ് പരസ്യത്തിലൂടെ നൽകുന്നത്.

കേരളം നല്ല സംസ്ഥാനമാണെന്നും നിക്ഷേപ സൗഹൃദമാണെന്നുമുള്ള അർത്ഥത്തിൽ, നിക്ഷേപകരെ ആകർഷിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഈ പരസ്യം നൽകിയിരിക്കുന്നത്. നേരത്തേ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനടക്കം മുഖ്യപങ്ക് വഹിച്ച മൈത്രി അഡ്വർടൈസിംഗ് ഏജൻസിയാണ് ഈ പരസ്യവും തയ്യാറാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ