തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന പ്രവാസികളില്‍ നിന്ന് ക്വാറന്റൈനില്‍ കഴിയാനുള്ള പണം ഈടാക്കുന്നതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ഡോ. ശശി തരൂര്‍. സര്‍ക്കാര്‍ തീരുമാനം കേരളത്തിന്റെ ആരോഗ്യ മോഡലിനോടുള്ള ചതിയാണെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
“മടങ്ങിയെത്തുന്ന നമ്മുടെ പ്രവാസികളില്‍ പലരും ജോലി നഷ്ടപ്പെട്ടവരാണ്. ക്വാറന്റൈന് അവരില്‍ നിന്ന് പണം ഈടാക്കുന്നത് സങ്കടകരം മാത്രമല്ല കേരള ആരോഗ്യ സംരക്ഷണ മാതൃകയോടുള്ള വഞ്ചനയുമാണ്.”
Expecting our returning pravasis, many of whom have lost their jobs, to pay for their quarantine is not only sad but a betrayal of the Kerala healthcare model whose success the govt has been basking in. //t.co/xkYVgA649a
— Shashi Tharoor (@ShashiTharoor) May 26, 2020
വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ ക്വാറന്റൈനിൽ കഴിയാൻ പണം നൽകണമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. തൊഴില്‍ നഷ്ടമായി വിദേശത്തുനിന്ന് മടങ്ങുന്നവര്‍ ഉള്‍പ്പെടെ ആര്‍ക്കും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Read More: കേരളത്തിൽ സമൂഹവ്യാപനത്തിന് സാധ്യത; വിദഗ്ധ സമിതിയുടെ റിപ്പോർട്ട്
വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിലവില്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനാണുള്ളത്. നേരത്തെ 14 ദിവസമായിരുന്നത് പിന്നീട് ഏഴ് ദിവസമാക്കി ചുരുക്കുകയും ബാക്കി ദിവസങ്ങളില്‍ വീടുകളില്‍ ക്വാറന്റൈന് തുടരണമെന്നുമാണ് നിര്‍ദേശം.
പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ യാത്രാ ചെലവും ക്വാറന്റൈന് ചെലവും മടങ്ങിയെത്തുന്ന പ്രവാസികള്‍ തന്നെ വഹിക്കണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ക്വാറന്റൈന് ചെലവ് സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതനുസരിച്ചാണ് ഇതുവരെയും സംസ്ഥാനത്തെത്തിയ പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റൈന് സൗകര്യം ലഭിച്ചത്. എന്നാൽ നിരവധി പേർ സംസ്ഥാനത്തേക്ക് എത്തുന്ന സാഹചര്യത്തിലാണ് തുക ഈടാക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.