തിരുവനന്തപുരം: കോൺഗ്രസിന്‍റെ വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയിൽ പങ്കെടുത്ത കെ.മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പാർട്ടിയെ വിമർശിച്ച് ശശി തരൂർ. മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തത് തെറ്റാണെന്നും പാർട്ടിയിലെ മുതിർത്ത പ്രവർത്തകനായ ഒരാളെ അപമാനിച്ചത് ശരിയായില്ലെന്നും തരൂർ അഭിപ്രായപ്പെട്ടു.
കെ. മുരളീധരന്റെ കാര്യത്തിൽ പാർട്ടിയെടുത്തത് തെറ്റായ തീരുമാനമാണ്. മുൻ കെപിസിസി അധ്യക്ഷന്മാരെ ഒരേപോലെ കാണണമായിരുന്നു. മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകണമായിരുന്നു. ചടങ്ങിൽ തനിക്ക് പ്രസംഗിക്കാൻ അവസരം കിട്ടാത്തതിൽ പരാതിയില്ലെന്നും ശശി തരൂർ പറഞ്ഞു.
മുരളീധരന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തെറ്റ് തിരുത്തണം. പാര്‍ട്ടി നല്ല രീതിയില്‍ മുന്നോട്ടു പോകണമെങ്കിൽ നിലപാട് മാറണമെന്നും തരൂർ ആവശ്യപ്പെട്ടു. മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍ക്കാത്തത് ബോധപൂർവ്വമായ ശ്രമമാണോ എന്ന് അറിയില്ലെന്നും തരൂർ വ്യക്തമാക്കി.
വൈക്കം സത്യഗ്രഹത്തിന്‍റെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഉദ്ഘാടനം ചെയ്തത്. പരിപാടിയിൽ കെ.സുധാകരനും വി.ഡി.സതീശനും രമേശ് ചെന്നിത്തലയും എം.എം.ഹസനും മാത്രമാണ് കെപിസിസിയുടെ ഭാഗമായി സംസാരിച്ചത്. മുൻ പിസിസി പ്രസിഡന്റ് എന്ന പരിഗണന തനിക്ക് ലഭിച്ചില്ലെന്നും തന്നെ മനഃപൂർവം അവഗണിച്ചെന്നുമാണ് കെ.മുരളീധരന്‍റെ പരാതി.
കെപിസിസി നേതൃത്വം അവഗണിച്ചെന്ന് കെ.മുരളീധരന്‍ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് പരാതിപ്പെട്ടിട്ടുണ്ട്. അതേസമയം, സമയ പരിമിതി കാരണമാണ് എല്ലാ നേതാക്കൾക്കും പ്രസംഗിക്കാൻ അവസരം ലഭിക്കാതിരുന്നത് എന്നാണ് കോട്ടയം ഡിസിസിയുടെ വിശദീകരണം.