തിരുവനന്തപുരം: മോഹന്‍ലാൽ എന്ന അഭിനേതാവിനെ താന്‍ ബഹുമാനിക്കുന്നു, ലോക്സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുന്നത് സംബന്ധിച്ച ഊഹാപോഹങ്ങളോട് പറയേണ്ട സമയമാകുമ്പോള്‍ പ്രതികരിക്കും എന്നും തിരുവനന്തപുരം എംപി ശശി തരൂര്‍. ടൈംസ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ‘ഇന്ത്യാ ഫോര്‍ കേരള’ എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര താരം മോഹന്‍ലാല്‍ നരേന്ദ്ര മോദിയെ ഡല്‍ഹിയില്‍ ചെന്ന് കണ്ടതിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകും എന്നും ബിജെപി ടിക്കറ്റില്‍ അദ്ദേഹം തിരുവനന്തപുരത്ത് നിന്നും ലോക്സഭയിലേക്ക് മത്സരിക്കും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
“മോഹന്‍ലാല്‍ എന്ന നടനെ എനിക്ക് ബഹുമാനമാണ്. അദ്ദേഹത്തിന്റെ അഭിനയം എനിക്കിഷ്ടമാണ്. വളരെ നന്നായിത്തന്നെയാണ് അദ്ദേഹം അത് ചെയ്യുന്നതും. എന്റെ നിയോജക മണ്ഡലത്തിലാണ് മോഹന്‍ലാല്‍ താമസിക്കുന്നത്, ഞാന്‍ അവിടെ പോയിട്ടുമുണ്ട്. രാഷ്ട്രീയം, തിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളോടൊക്കെ സമയമാകുമ്പോള്‍ പ്രതികരിക്കാം”, ശശി തരൂര്‍ പറഞ്ഞു.
താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയെക്കുറിച്ച് തനിക്കു ഒന്നുമറിയില്ല എന്നും ഇപ്പോള്‍ താന്‍ തന്റെ ജോലി ചെയ്യുകയാണ് എന്നും തിരുവനന്തപുരത്ത് പുതിയ ചിത്രമായ ‘ലൂസിഫര്‍’ ഷൂട്ടിങ്ങിനിടെ മോഹന്‍ലാല്‍ വ്യക്തമാക്കി. മോഹന്‍ലാല്‍ ബിജെപിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ളയും വെളിപ്പെടുത്തി.
എന്നാല്‍ മോഹന്‍ലാലിനു രാഷ്ട്രീയത്തെക്കുറിച്ച് വലിയ ധാരണകള്‍ ഒന്നുമില്ല എന്നും ഈയടുത്ത കാലത്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് പോലും അദ്ദേഹം ബോധവാനായത് എന്നും മോഹന്‍ലാലുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് വിദൂരമായ ഒരു സാധ്യതയാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.