തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്നെന്ന് ബിജെപി അവകാശപ്പെടുന്ന തന്റെ ബന്ധുക്കള്‍ വര്‍ഷങ്ങളായി ബിജെപിക്ക് തന്നെ വോട്ട് ചെയ്യുന്നവരാണെന്ന് ശശി തരൂര്‍ എംപി. കുടുംബത്തില്‍ എല്ലാ പാര്‍ട്ടിയിലേയും അംഗങ്ങളുണ്ട്. സിപിഎം ഭാരവാഹികളായ ബന്ധുക്കളും തനിക്കുണ്ടെന്നും ശശി തരൂര്‍ വ്യക്തമാക്കി.

എന്തിനാണ് ഇത്തരത്തിലൊരു ചടങ്ങ് നടത്തിയെന്നത് ശ്രീധരന്‍ പിള്ളയോട് ചോദിക്കണമെന്ന് പറഞ്ഞ തരൂര്‍ തന്റെ പ്രവര്‍ത്തനത്തില്‍ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തത് കൊണ്ട് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നും പ്രതികരിച്ചു.

ശശി തരൂര്‍ എംപിയുടെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നെന്ന ബിജെപി നാടകം പൊളിച്ചത് ബന്ധുക്കളുടെ പ്രതികരണമായിരുന്നു. തങ്ങള്‍ നേരത്തേ തന്നെ ബിജെപി അനുഭാവികളാണെന്നും എന്നാല്‍ എന്തിനാണ് ഇപ്പോള്‍ ഇങ്ങനൊരു ചടങ്ങ് നടത്തിയതെന്ന് അറിയില്ലെന്നുമായിരുന്നു തരൂരിന്റെ അമ്മയുടെ സഹോദരി ശോഭനയുടെ പ്രതികരണം.

Read More: തരൂരിന്റെ ബന്ധുക്കളെ ‘വീണ്ടും’ ബിജെപിയില്‍ ചേര്‍ത്ത് ശ്രീധരന്‍പിള്ള; പണ്ടേ ബിജെപിയെന്ന് ബന്ധുക്കള്‍

എന്തിനാണ് ചടങ്ങ് നടത്തിയതെന്ന് അറിയില്ല. അതേ കുറിച്ച് പറയേണ്ടത് സംഘാടകരാണ്. അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു ശോഭനാ ശശികുമാര്‍ പറഞ്ഞത്. ശോഭനാ ശശികുമാര്‍, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരടക്കം 14 പേരെയാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള ഷാളണിയിച്ചാണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

ടോം വടക്കന്റെ ബിജെപി പ്രവേശനത്തിന് പിന്നാലെ ശശി തരൂരിന്റെ ബന്ധുക്കളടക്കം ബിജെപിയിലേക്ക് എന്നായിരുന്നു ഇതേകുറിച്ച് ബിജെപി അറിയിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഈ വാദം പൊളിക്കുന്നതാണ് ശോഭനയുടെ പ്രതികരണം.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അംഗത്വം സ്വീകരിച്ച കുടുംബാംഗങ്ങള്‍ ഫോട്ടോ സെഷനില്‍ പങ്കെടുക്കാനോ മാധ്യമങ്ങളോട് സംസാരിക്കാനോ തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് പ്രതികരിക്കാന്‍ കൂട്ടാക്കുകയായിരുന്നു. കര്‍മ്മ സമിതി അംഗമായ പദ്മജയാണ് തങ്ങളെ വേദിയിലെത്തിച്ചതെന്നും അവര്‍ പറഞ്ഞു

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ