scorecardresearch
Latest News

‘ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കും, ഒരു ഗ്രൂപ്പിന്റെയും ആളല്ല’; വിവാദങ്ങളില്‍ പ്രതികരിച്ച് ശശി തരൂര്‍

ആരെയും ആക്ഷേപിച്ചിട്ടില്ല പിന്നെ എന്തിന് വിവാദമാക്കുന്നു തരൂര്‍ ചോദിച്ചു

‘ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കും, ഒരു ഗ്രൂപ്പിന്റെയും ആളല്ല’; വിവാദങ്ങളില്‍ പ്രതികരിച്ച് ശശി തരൂര്‍

തിരുവനന്തപുരം: മലബാര്‍ പര്യടനവുമായി ബന്ധപ്പെട്ട അപ്രഖ്യാപിത വിലക്ക് വിവാദത്തില്‍ പ്രതികരിച്ച് ശശി തരൂര്‍ എംപി. തന്നെ ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കും, എന്നാല്‍ അത് വിവാദമാക്കുന്നത് എന്തിനാണെന്നും ശശി തരൂര്‍ ചോദിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തന്റെ പരിപാടിയില്‍ ആരെയും ആക്ഷേപിച്ചിട്ടില്ല പിന്നെ എന്തിന് അവ വിവാദമാക്കുന്നുവെന്നാണ് തരൂര്‍ പ്രതികരിച്ചത്.

താന്‍ ഒരു ഗ്രൂപ്പിന്റേയും ആളല്ലെന്നും ശശി തരൂര്‍ ആവര്‍ത്തിച്ചു. നേതാക്കള്‍ കാണണമെന്ന് ആവശ്യപ്പെട്ടല്‍ അവരെ ചെന്ന് കാണും. മന്നം ജയന്തിക്ക് ക്ഷണിച്ചത് അംഗീകാരമായി കാണുന്നുവെന്ന് പറഞ്ഞ തരൂര്‍, മന്നം ജയന്തിക്ക് താന്‍ പോയാല്‍ ആര്‍ക്കാണ് ദോഷമെന്നും ചോദിച്ചു. 2024 ല്‍ മല്‍സരിക്കുമോയെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ബലൂണ്‍ പൊട്ടിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ കയ്യില്‍ സൂചിയുണ്ടോയെന്ന് നോക്കൂ എന്നും ശശി തരൂര്‍ വിമര്‍ശിച്ചു.

എല്ലാ സമുദായ നേതാക്കളുമായും തനിക്ക് നല്ല ബന്ധം ഉണ്ട്. ഒരു ഗ്രൂപ്പ് മീറ്റിങ്ങിലും ഇതുവരെ പങ്കെടുത്തിട്ടില്ല,എല്ലാവരും സഹപ്രവര്‍ത്തകര്‍ ആണെന്നും ജനങ്ങള്‍ക്ക് സേവനം ചെയ്യുക മാത്രമാണ് ആഗ്രഹം എന്നും ശശി തരൂര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി വിമാനത്തില്‍ സംസാരിച്ചില്ല, ആരെയും ഇതുവരെ ആക്ഷേപിച്ചിട്ടില്ല, വ്യക്തിയായി തന്നെ തുടരുമെന്നും ഒരു ഗ്രൂപ്പും ഇനി ആരംഭിക്കില്ലെന്നും തരൂര്‍ പ്രതികരിച്ചു. എന്നും കോണ്‍ഗ്രസ്സ് അനുകൂല പരിപാടികളിലാണ് പങ്കെടുത്തതതെന്നും ഇനിയും ഇത്തരം പരിപാടികളില്‍ പങ്കെടുക്കും അത് ആരുടേയും ബിസിനസ് അല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാവരെയും ഒരുമിച്ചു നിര്‍ത്തി രാജ്യ പുരോഗതിക്കും വളര്‍ച്ചക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് തന്റെ രാഷ്ട്രീയ ദൗത്യമെന്ന് മര്‍കസില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവെ പറഞ്ഞു. ഭരണഘടനയിലൂടെ ഡോ. അംബേദ്കര്‍ ആഗ്രഹിച്ചതുപോലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും സന്തോഷത്തോടെ വസിക്കാന്‍ സാധിക്കുന്ന ഇന്ത്യക്കുവേണ്ടിയാവണം നമ്മുടെ പ്രവര്‍ത്തനം. എല്ലാ ജാതിമത വിഭാഗങ്ങളെയും ഒന്നായിക്കാണുന്ന സമീപനം ഉണ്ടാകുമ്പോഴേ സമുദായങ്ങള്‍ക്കിടയില്‍ സാഹോദര്യം ഉണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Shashi tharoor on controversy