കൊച്ചി: പാര്‍ട്ടിയുടെ കീഴ്വഴക്കങ്ങള് ലംഘിച്ച് പ്രവര്‍ത്തനം നടത്തുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് തിരുവനന്തപുരം എംപി ശശി തരൂര്‍. “സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ ഒരു തരത്തിലുള്ള അതൃപ്തിയും അറിയിച്ചിട്ടില്ല. അച്ചടക്ക സമിതിയുടെ ഭാഗത്തു നിന്നും പ്രതികരണമുണ്ടായിട്ടില്ല,” ശശി തരൂര്‍ വ്യക്തമാക്കി.
“പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ ഡിസിസിയെ അറിയിക്കാറുണ്ട്. സ്വകാര്യ പരിപാടികള്‍ പാര്‍ട്ടിയെ അറിയിക്കില്ല. 16 വര്‍ഷമായി പ്രവര്‍ത്തിക്കുന്നത് ഇത്തരത്തിലാണ്. വിവാദങ്ങള്‍ ഞാന്‍ സൃഷ്ടിച്ചതല്ല. നേതാക്കളുമായി അകല്‍ച്ചയോ അമര്‍ഷമോ ഇല്ല. ഞാന്‍ എന്ത് വിവാദമാണ് ഇവിടെ ഉണ്ടാക്കിയത്,” തരൂര്‍ ചോദിച്ചു.
“ആരുമായും സംസാരിക്കാതിരിക്കില്ല. എന്നോട് സംസാരിച്ചാല്‍ മറുപടി നല്‍കും. വി ഡി സതീശന്റെ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയത് ഒരു സുഹൃത്ത് ക്ഷണിച്ചതിനാലാണ്. മിണ്ടാതിരിക്കാനായി കിന്‍ഡര്‍ ഗാര്ഡന് കുട്ടികളൊന്നുമല്ലല്ലോ,” ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സംസ്ഥാന കോണ്‍ക്ലേവില്‍ തരൂര്‍ ഇന്ന് പങ്കെടുക്കും. വിവാദങ്ങള്‍ മുറുകുന്ന പശ്ചാത്തലത്തില്‍ വി ഡി സതീശന് തരൂരിനൊപ്പം വേദി പങ്കിടുമോയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. അസുഖബാധിതനായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഓണ്‍ലൈനായാകും പരിപാടിയില്‍ പങ്കെടുക്കുക.