തിരുവനന്തപുരം: കസബയെന്ന മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്കു നേരിടേണ്ടിവന്ന സൈബര്‍ ആക്രമണത്തിനെതിരെ പൊലീസിനെ സമീപിച്ച നടി പാര്‍വ്വതിക്കു പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. താന്‍ ചിത്രം കണ്ടിട്ടില്ലെന്നും എന്നാല്‍ സിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സംസാരിക്കാനുള്ള പാർവ്വതിയുടെ സ്വാതന്ത്ര്യത്തിനു പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

‘ഞാന്‍ ആ സിനിമ കണ്ടിട്ടില്ല. എന്നാല്‍ ബലാൽസംഗ ഭീഷണിയോ കൊലപാതക ഭീഷണിയോ ഇല്ലാതെ സിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സംസാരിക്കാനുള്ള പാർവ്വതിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. മലയാള സിനിമാ മേഖലയിലെ മുതിര്‍ന്ന നടന്മാര്‍ പാർവ്വതിക്കൊപ്പം നില്‍ക്കണമെന്നും ഈ വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.’ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

ശശി തരൂര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദിയറിയിച്ച് പാർവ്വതിയും രംഗത്തെത്തി. ഇത്തരം ശബ്ദങ്ങളും പിന്തുണകളും ആവശ്യമാണെന്ന് പാർവ്വതി പറഞ്ഞു.

പാർവ്വതി നല്‍കിയ പരാതിയിന്മേല്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെയാണ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമത്തിലൂടെ നടിക്കെതിരെ പരാമര്‍ശം നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. ഇയാളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

സൈബര്‍ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നടിക്കെതിരെ വധഭീഷണി മുഴക്കുക, സ്ത്രീത്വത്തെ അപമാനിക്കുക, വ്യക്തിഹത്യ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിപ്പിക്കുക, എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പാര്‍വ്വതി തനിക്ക് എതിരെ നടന്ന സൈബര്‍ ആക്രമണത്തിനെതിരെ ഡിജിപിക്കും എറണാകുളം റെയ്ഞ്ച് ഐജിക്കും പരാതി നല്‍കിയത്.

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടന്ന മുഖാമുഖത്തിലാണ് പാര്‍വ്വതി മമ്മൂട്ടി ചിത്രമായ ‘കസബ’ യെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ചത്. ചിത്രത്തിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ തന്നെ വേദനിപ്പിച്ചെന്നും, ഇത്തരം നായകത്വം നമുക്ക് വേണ്ടെന്നുമാണ് പാര്‍വ്വതി പറഞ്ഞത്. ഈ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സംഘടിതമായ ആക്രണമാണ് സോഷ്യല്‍ മീഡിയയില്‍ പാര്‍വ്വതിക്ക് നേരിടേണ്ടി വന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ